തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാല് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം. മഴയ്ക്ക് പുറമെ ശക്തമായ കാറ്റിനും, ഇടിമിന്നലിനും സാധ്യതയുണ്ട്.
അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, തൃശൂര്‍ , മലപ്പുറം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട സ്‌ഥലങ്ങളില്‍ മണിക്കൂറില്‍ 40 കി. മീ. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം നാളെയോടെ യാസ് ചുഴലിക്കാറ്റയി മാറും. ഇതോടെ മഴ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. നാളെ സംസ്ഥാനത്ത് ഏഴ് ജില്ലകളിലാണ് യെല്ലൊ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലാണ് യെല്ലൊ അലര്‍ട്ട്.
യാസ് ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശമുണ്ട്. ഒഡിഷ, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. തീരമേഖലകളിലും കര്‍ശനമായി ജാഗ്രത പാലിക്കണണെന്നാണ് കാലവസ്ഥ കേന്ദ്രം അറിയിച്ചിരിക്കുന്നത്.



