തിരുവനന്തപുരം: സംസ്ഥാനത്ത് പരിഷ്കരിച്ച ലോക്ഡൗണ്‍ നിബന്ധനകള്‍ ഇന്നുമുതല്‍ പതിവുപോലെ തുടരും. ബാങ്കുകള്‍, വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍, തുറസ്സായ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയവ ആഴ്ചയില്‍ 6 ദിവസവും സര്‍ക്കാര്‍ ഓഫിസുകള്‍ ആഴ്ചയില്‍ 5 ദിവസവും തുറക്കാമെന്നാ‍ണ് ഉത്തരവ്. അതേസമയം ഞായര്‍ ലോക്ഡൗണ്‍ ഇന്നലെ താല്‍ക്കാലികമായി അവസാനിച്ചു. അടുത്ത രണ്ടു ഞായറാഴ്ചകളായ 15നും 22നും ലോക്ഡൗണ്‍ ഇല്ല.

കടകളിലും ബാങ്കുകളിലും മറ്റും പ്രവേശനത്തിനു നിര്‍ദേശിച്ച, വാക്സിനേഷന്‍ ഉള്‍പ്പെടെയുള്ള വിവാദ വ്യവസ്ഥകള്‍ തല്‍ക്കാലം കര്‍ശനമാ‍ക്കിയിട്ടില്ല. അതേസമയം, മാ‍സ്ക് ധരിക്കാത്തതിന്റെയും കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതിന്റെയും പേരില്‍ പൊലീസ് വ്യാപകമായി പിഴ ഈടാക്കുന്നുണ്ട്. സംസ്ഥാനത്ത് 3 ദിവസത്തിനിടെ ഏകദേശം 70,000 പേരില്‍നിന്നു പിഴയായി 4 കോടിയിലേറെ രൂപയാണ് ഈടാക്കിയത്.

ഓരോ പൊലീസ് സ്റ്റേഷനിലും പ്രതിദിനം 30 കേസുകളെങ്കിലും എടുക്കണമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശം. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്നു പണമില്ലാതെ ജനം നട്ടം തിരിയുന്ന ഓണക്കാലത്തും ഇത്തരം നടപടികള്‍ തുടരുന്നതിനെതിരെ ജനങ്ങള്‍ക്കിടയിലും പൊലീസിലെ താഴെത്തട്ടിലും അമര്‍ഷമുണ്ട്. അതേസമയം, നിയമലംഘനത്തിനു ചട്ടപ്രകാരമുള്ള നടപടി‍കളാണു സ്വീകരിക്കുന്നതെന്നു ഉന്നത പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.