കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. ഇരിക്കൂറില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇരിക്കൂര്‍ പട്ടുവം ആയിഷ മന്‍സിലില്‍ നടുക്കണ്ടി ഹുസൈന്‍ (77) ആണ് മരിച്ചത്. കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ വച്ചാണു മരിച്ചത്. മൃതദേഹം പരിയാരം ഗവ മെഡിക്കല്‍ കോളജില്‍. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 19 ആയി. മുംബൈയില്‍നിന്നു ജൂണ്‍ 9നാണ് ഹുസൈന്‍ നാട്ടില്‍ എത്തിയത്. മാര്‍ച്ചില്‍ മകളെ സന്ദര്‍ശിക്കാനാണ് മുംബൈയില്‍ പോയത്.

തൊട്ടടുത്ത ദിവസം പനിയും ശ്വാസതടസവും ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.തുടര്‍ന്ന് ശക്തമായ പനിയും വയറിളക്കവും അനുഭവപ്പെട്ടതോടെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളെജിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നു പുലര്‍ച്ചയോടെ മരണം സംഭവിച്ചു. ഹുസൈന് ഹൃദ്രോഗവും രക്തസമ്മര്‍ദവും ഉണ്ട്. മക്കള്‍ റാബിയ (മുംബൈ), റാസിഖ്, മുഹമ്മദ് റാഫി (ഇരുവരും ദുബായ്), റലീന, റഹ്യാനത്ത്, റഫീന. മരുമക്കള്‍: മൊയ്തീന്‍, ഷമീന, ഷര്‍മിന, ഷുക്കൂര്‍, ഫിറോസ്, മിക്ദാദ് സഹോദരങ്ങള്‍- പോക്കര്‍, അബ്ദുല്ല, ഫാത്തിമ.