സംസ്ഥാനത്ത് ഒരാള്‍ കൂടി കൊറോണ വൈറസ് പിടിപെട്ട് മരിച്ചു. കണ്ണൂര്‍ ഇരിട്ടി പയഞ്ചേരി സ്വദേശിയായ പികെ മുഹമ്മദാണ് മരിച്ചത്. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിലാണ് മരണം. 70 വയസായിരുന്നു. ഇതോടെ കേരളത്തില്‍ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം പതിനെട്ടായി.
മെയ് 22 നാണ് മുഹമ്മദ് മസ്‌കറ്റില്‍ നിന്ന് നാട്ടില്‍ തിരികെയെത്തിയത്. മകന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. മുഹമ്മദിന് ഹൃദയ സംബന്ധമായ രോഗമുണ്ടായിരുന്നതായിട്ടാണ് വിവരം. ബുധനാഴ്ച്ച കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇരിട്ടിയിലെ വീട്ടില്‍ നിന്നും പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകും വഴിയാണ് മരിച്ചത്.
ഇദ്ദേഹത്തോടൊപ്പം മസ്‌കറ്റില്‍ നിന്നും യാത്ര ചെയ്ത മറ്റു മൂന്ന് പേര്‍ക്കും ബുധനാഴ്ച്ച രോഗം സ്ഥിരീകരിച്ചിരുന്നു.
മെയ് ഏഴിന് മരിച്ച ഏങ്ങണ്ടിയൂര്‍ സ്വദേശി കുമാരന്‍്റെ മരണം കൊവിഡ് മൂലമാണെന്ന് ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ആദ്യ പരിശോധന ഫലം പോസിറ്റീവായി മണിക്കൂറുകള്‍ക്കകമായിരുന്നു കുമാരന്‍്റെ മരണം. ശ്വാസ തടസത്തെ തുടര്‍ന്നാണ് കുമാരന്‍ ചികിത്സ തേടിയത്. കൊവിഡ് ലക്ഷണമായതിനാല്‍ സ്രവ പരിശോധന നടത്തുകയായിരുന്നു. എന്നാല്‍ രോഗം പകര്‍ന്നത് എങ്ങനെയെന്ന് വ്യക്തമല്ല.