തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ ആരംഭിക്കുന്ന മൂന്നാം ഘട്ട ലോക്ക് ഡൗണില്‍ ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ മാത്രമാണ് സംസ്ഥാനത്ത് ഇളവുകളുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. റെഡ്‌ സോണ്‍ പ്രദേശങ്ങളില്‍ നിലവിലെ സ്ഥിതിതന്നെ തുടരും.

ഗ്രീന്‍സോണില്‍ ഉള്‍പ്പെടെ ഒരിടത്തും പൊതുഗതാഗതമോ ബാര്‍ബര്‍ ഷോപ്പോ ഉണ്ടാവില്ല. ഹോട്ട്സ്‌പോട്ടുകളില്‍ ഒഴികെ ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ അന്തര്‍ ജില്ല യാത്രയ്ക്ക് അനുമതി നല്‍കും. അനുവദിക്കപ്പെട്ട കാര്യങ്ങള്‍ക്കു മാത്രമാണിത്. കാറുകളില്‍ പരമാവധി രണ്ട് യാത്രക്കാരും ഡ്രൈവറും മാത്രമേ പാടുള്ളൂ. കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഉത്തരവുകൂടി പരിഗണിച്ചാണ് വിവിധ സോണുകളില്‍ ഇളവുകള്‍ നിശ്ചയിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകള്‍ക്ക് പുറമേ ഇടുക്കി, കോഴിക്കോട്, മലപ്പുറം, കാസര്‍കോട് ജില്ലകളെയാണ് പുതുതായി ഓറഞ്ച് സോണില്‍ ഉള്‍പെടുത്തിയിരിക്കുന്നത്.

അന്തര്‍ജില്ല യാത്രകള്‍ക്ക് അനുമതി നല്‍കുന്നത് ഉള്‍പെടെ കൂടുതല്‍ ഇളവുകള്‍ മൂന്നാം ഘട്ട ലോക്ക്‌ഡൌണില്‍ ഓറഞ്ച് സോണില്‍ അനുവദിച്ചിട്ടുണ്ട്. ഡ്രൈവര്‍ ഉള്‍പ്പെടെ3 പേര്‍യാത്ര ചെയ്യാവുന്ന രീതിയില്‍ ടാക്‌സി അനുവദിക്കും. എന്നാല്‍ ഓട്ടോറിക്ഷ ഓടില്ല.

നാലു ചക്ര സ്വകാര വാഹനത്തില്‍ മൂന്ന് പേര്‍ക്കും, ഇരുചക്ര വാഹനത്തില്‍ ഒരാള്‍ക്കും യാത്ര ചെയ്യാം. ചരക്ക് വാഹനങ്ങള്‍ ഓടും. ഒറ്റനിലയുള്ള ചെറുകിട തുണിക്കടകള്‍ തുറക്കും. അത്യാവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് ഉള്‍പെടെ വൈകീട്ട് ഏഴ് മണി വരെയാണ് പ്രവര്‍ത്തനാനുമതി. നിബന്ധനകളോടെ പ്രഭാതസവാരിയും നടത്താം. തപാല്‍, ബാങ്ക് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കും.

ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ കടകമ്ബോളങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ രാത്രി 7.30 വരെ. ഞായറാഴ്ച ഒഴിവായിരിക്കും.ഗ്രീന്‍ സോണുകളിലെ സേവനമേഖലയിലെ സ്ഥാപനങ്ങള്‍ ആഴ്ചയില്‍ മൂന്നു ദിവസം പരമാവധി 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കാം. ഓറഞ്ച് സോണുകളില്‍ നിലവിലെ സ്ഥിതി തുടരും.ഹോട്ട്സ്‌പോട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഹോട്ടല്‍ ആന്റ് റസ്റ്റാറന്റുകള്‍ക്ക് പാഴ്സലുകള്‍ നല്‍കാനായിതുറന്നുപ്രവര്‍ത്തിക്കാം. നിലവിലുള്ള സമയക്രമം പാലിക്കണം.

ഷോപ്സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് നിലവിലെ സ്ഥിതി തുടരാം. ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്സ്റ്റയില്‍ സ്ഥാപനങ്ങള്‍ അഞ്ചില്‍ താഴെ ജീവനക്കാരുടെ സേവനത്തോടെ തുറന്നു പ്രവര്‍ത്തിക്കാം. ടാക്സി, യൂബര്‍ പോലുള്ള സര്‍വീസുകള്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായി അനുവദിക്കും. ഈ ഇളവുകളും ഗ്രീന്‍, ഓറഞ്ച് സോണുകള്‍ക്കാണ്.