തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷത്തിന്റെ തീവ്രത കുറയുന്നുവെന്ന് കാലാവസ്ഥ വിദഗ്ധര്‍. വരും ദിവസങ്ങളിലും കാലവര്‍ഷത്തിന്റെ ശക്തി കുറയുമെന്നും, അതോടൊപ്പം കാറ്റിന്‍റെ വേഗം 45 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാലവര്‍ഷത്തിന്റെ തീവ്രത കുറയുന്നുവെങ്കിലും സംസ്ഥാനത്ത് വീണ്ടുമൊരു പ്രളയത്തിന്റെ സാധ്യത തള്ളിക്കളയാനാകില്ലെന്നും കാലാവസ്ഥ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 78 മില്ലീ മീറ്റര്‍ മഴയാണ് സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത്. ശരാശരി ലഭിക്കേണ്ട മഴയുടെ ഇരട്ടിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. ബാക്കി പതിനൊന്ന് ജില്ലകളിലും ശരാശരി മഴ ലഭിച്ചിട്ടുണ്ടെന്നും കാലാവസ്ഥ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.