തിരുവനന്തപുരം: കൊവിഡ് ലോക്ക് ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിനകത്ത് ട്രെയിന്‍ യാത്ര ആവാമെന്നാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില ട്രെയിനുകള്‍ സര്‍വീസ് തുടങ്ങിയിട്ടുണ്ട്. റിട്ടേണ്‍ ടിക്കറ്റോടെ അത്യാവശ്യത്തിനു വരുന്നവര്‍ക്ക് (വിമാനങ്ങളിലടക്കം) ക്വാറന്റൈന്‍ നിര്‍ബന്ധമാക്കില്ല. ഒരാഴ്ചയ്ക്കകം തിരിച്ചുപോവുന്നു എന്ന് ഉറപ്പാക്കണം. ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. തിങ്കളാഴ്ച കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് പുറപ്പെട്ടത് കോഴിക്കോട്ടുനിന്നാണ്.
കണ്ണൂരില്‍നിന്ന് ടിക്കറ്റ് റിസര്‍വ് ചെയ്തവരുടെ യാത്ര ഇതുകാരണം മുടങ്ങി. കണ്ണൂരില്‍നിന്ന് ട്രെയിന്‍ ആരംഭിക്കുന്ന കാര്യം റെയില്‍വെയുടെ ശ്രദ്ധയില്‍പ്പെടുത്തും. ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ചാര്‍ട്ടഡ് വിമാനങ്ങളില്‍ ആളുകളെ എത്തിക്കുന്നുണ്ട്. ചിലര്‍ അതിന് അധികം പണം വാങ്ങുന്നുവെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. അങ്ങനെ ആളെ കൊണ്ടുവരുമ്ബോള്‍ രണ്ടുകാര്യങ്ങള്‍ ശ്രദ്ധിക്കണം. കേന്ദ്രം നിശ്ചയിച്ചതിലധികം പണം വാങ്ങരുത്. മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് അവസരം നല്‍കണം.
അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ പ്രകോപനപരമായ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് തുടരുകയാണ്. അവര്‍ നാട്ടിലേക്ക് പോവുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു തടസ്സവുമില്ല. സ്വന്തം നാടുകളിലേക്ക് തിരിച്ചുപോവാന്‍ സഹായങ്ങള്‍ തുടര്‍ന്നുമുണ്ടാവും. ശനിയാഴ്ചയും ഞായറാഴ്ചയും ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടന്നു. അതില്‍ പങ്കെടുത്ത എല്ലാവരെയും അഭിനന്ദിക്കുന്നു. മാലിന്യനിര്‍മാര്‍ജനം ഉറപ്പുവരുത്തുന്നതിന് തുടര്‍ന്നും സജീവശ്രദ്ധയുണ്ടാവണമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.