സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്നതോടെ പരമാവധി പേരെ പരിശോധിക്കാനായി പദ്ധതിയൊരുക്കി ആരോഗ്യ വകുപ്പ്. കൊവിഡ് പോസിറ്റീവായവരെ എത്രയും വേഗം കണ്ടെത്തി രോഗ വ്യാപനം കുറയ്ക്കുന്നതിനാണ് ഊര്‍ജിത പരിശോധന നടത്തുന്നത്. വാക്സിനേഷന്‍ കുറഞ്ഞ ജില്ലകളില്‍ ടെസ്റ്റിംഗ് കൂടുതല്‍ വ്യാപകമാക്കും. രോഗവ്യാപനം കണ്ടെത്തുന്ന സ്ഥലങ്ങളും ക്ലസ്റ്ററുകള്‍ കേന്ദ്രീകരിച്ചും പരമാവധി പേരെ പരിശോധിക്കുന്നതാണ്.
ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത 2020 ജനുവരി 30ന് ആലപ്പുഴ എന്‍ഐവിയില്‍ മാത്രമുണ്ടായിരുന്ന പരിശോധനാ സംവിധാനം ഇപ്പോള്‍ സംസ്ഥാനം മുഴുവന്‍ ലഭ്യമാണ്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആന്റിജന്‍ പരിശോധന നടത്താനാകും. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ 120 ഓളം ലാബുകളില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തുന്നുണ്ട്. 14 മൊബൈല്‍ ലാബുകള്‍ മുഖേനയും കോവിഡ് പരിശോധന നടത്തിവരുന്നു. പരിശോധനയുടെ കാര്യത്തില്‍ ടെസ്റ്റ് പെര്‍ മില്യണ്‍ ബൈ കേസ് പെര്‍ മില്യണ്‍ എന്ന ശാസ്ത്രീയ മാര്‍ഗമാണ് കേരളം അവലംബിച്ചത്. കേസുകള്‍ കൂടുന്നതനുസരിച്ച് പരിശോധനകളുടെ എണ്ണവും വര്‍ധിപ്പിച്ചു. സംസ്ഥാനത്തെ കൊവിഡ് പ്രതിദിന പരിശോധന 1,99,456 വരെ വര്‍ധിപ്പിച്ചിരുന്നു.
സര്‍ക്കാര്‍ ലാബുകളിലേയും സ്വകാര്യ ലാബുകളിലേയും പരിശോധനകള്‍ ഏകീകൃത ഓണ്‍ലൈന്‍ സംവിധാനമായ ലബോറട്ടറി ഡയഗ്‌നോസിസ് ആന്റ് മാനേജ്മെന്റ് സിസ്റ്റം പോര്‍ട്ടല്‍ വഴിയാണ് ഏകോപിപ്പിക്കുന്നത്. ജില്ലാ കൊവിഡ് കണ്‍ട്രോള്‍ റൂമും സ്റ്റേറ്റ് കോവിഡ് കണ്‍ട്രോള്‍ റൂമും ഇത് ക്രോഡീകരിക്കുന്നു. മൊബൈലിലൂടെ പരിശോധനാ ഫലം ജനങ്ങള്‍ക്ക് നേരിട്ടറിയാനുള്ള സംവിധാനവും ലഭ്യമാണ്. ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു



