സംസ്ഥാനത്ത് സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ സമയമായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. നേരത്തെ നിശ്ചയിച്ച പരീക്ഷകൾ കൊവിഡ് മാനദണ്ഡം അനുസരിച്ച് നടക്കും. കേന്ദ്ര സർക്കാർ സ്കൂളുകള്‍ തുറക്കാന്‍ മാർഗനിർദേശം പുറത്തിറക്കിയിട്ടുണ്ട് എന്നാലും രോഗ വ്യാപനം വർധിച്ചതിനാൽ ഇളവ് നൽകാൻ ആവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചില സൂപ്പർ മാർക്കറ്റുകളിലും വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും ആവശ്യമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതായി കാണുന്നില്ലെന്നും മുഖ്യമന്ത്രി. ഇവിടെയെത്തുന്നവർ കൈയുറയോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതെ സാധനങ്ങൾ എടുത്തു നോക്കുന്നതും കൈയിലെടുത്ത് പരിശോധിക്കുന്നതുമായ രീതി കണ്ടുവരുന്നുണ്ട്. ഇത് അപകടസാധ്യത വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് സംശയിക്കുന്നവരിൽ ആന്റിജൻ ടെസ്റ്റ് നെഗറ്റീവായാലും ആർടിപിസിആർ ടെസ്റ്റ് കൂടി നടത്താൻ തീരുമാനിച്ചതായും മുഖ്യമന്ത്രി. ആർടിപിസിആർ ടെസ്റ്റാണ് കൃത്യതയുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10 ൽ താഴെ നിർത്തുന്നതിന് ആവശ്യമായ ശക്തമായ നടപടികൾ എല്ലാ ജില്ലകളിലും സ്വീകരിക്കും. ഗർഭിണികൾക്കും ഡയാലിസിസ് വേണ്ടവർക്കും കൊവിഡ് പോസിറ്റീവാകുന്ന സാഹചര്യത്തിൽ ആവശ്യമായ ചികിത്സാ സൗകര്യം വിലയിരുത്തുന്നതിനും അതിനനുസരിച്ച് ബെഡ്ഡുകൾ തയാറാക്കുന്നതിനും നിർദേശം നൽകി. ഗർഭിണികൾക്കും കുട്ടികൾക്കും വേണ്ട രീതിയിൽ ബെഡ്ഡുകൾ തയാറാക്കുന്നതിനും നടപടികൾ സ്വീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.