തിരുവനന്തപുരം : കൊറോണ പ്രോട്ടോകോൾ പാലിച്ച്
സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങൾ രണ്ട് ഘട്ടമായി തുറക്കാൻ തീരുമാനം. ഹില്‍ സ്റ്റേഷനുകളിലും, സാഹസിക വിനോദകേന്ദ്രങ്ങളിലും, കായലോര ടൂറിസം കേന്ദ്രങ്ങളിലും സംസ്ഥാനത്തിന് അകത്തും പുറത്തുള്ള വിനോദസഞ്ചാരികള്‍ക്ക് ഉപാധികളോടെ പ്രവേശനം അനുവദിച്ച് ഉത്തരവിട്ടതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

ഹൗസ് ബോട്ടുകള്‍ക്കും മറ്റ് ടൂറിസ്റ്റ് ബോട്ടുകള്‍ക്കും സര്‍വീസ് നടത്താനും അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍, ബീച്ച് ടൂറിസം കേന്ദ്രങ്ങളില്‍ നവംബര്‍ 1 മുതല്‍ മാത്രമേ വിനോദ സഞ്ചാരത്തിന് അനുമതിയുള്ളൂ. വിനോദ സഞ്ചാരികൾ സ്വീകരിക്കേണ്ട മുൻകരുതലുകളും ടൂറിസം സ്ഥാപനങ്ങളും ഹോട്ടലുകളും സ്വീകരിക്കേണ്ട നടപടികളും സർക്കാർ ഉത്തരവിൽ വിശദമാക്കുന്നുണ്ട്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ബിസിനസ് ആവശ്യങ്ങള്‍ക്ക് 7 ദിവസം വരെ കേരളത്തില്‍ വന്ന് മടങ്ങുന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമല്ലെന്ന് നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതേ മാതൃകയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്കും ഒരാഴ്ച്ച വരെയുള്ള ഹ്രസ്വസന്ദര്‍ശനത്തിന് ക്വാറന്റീന്‍ നിര്‍ബന്ധമില്ല.

സംസ്ഥാനത്തിന് പുറത്ത് നിന്നുമെത്തുന്ന സഞ്ചാരികള്‍ കൊറാേണ ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. 7 ദിവസം കഴിഞ്ഞും മടങ്ങുന്നില്ലെങ്കില്‍, ടൂറിസ്റ്റുകള്‍ സ്വന്തം ചെലവില്‍ കൊറാേണ പരിശോധനയ്ക്ക് വിധേയമാകണം. 7 ദിവസത്തില്‍ കൂടുതല്‍ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൊറാേണ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റുമായി എത്തുകയോ, കേരളത്തില്‍ എത്തിയാല്‍ ഉടന്‍ കൊറാേണ പരിശോധന നടത്തുകയോ ചെയ്യണം. അല്ലെങ്കില്‍ 7 ദിവസം ക്വാറന്റൈനില്‍ പോകേണ്ടിവരും.

സഞ്ചാരികളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനും, കൈകള്‍ സോപ്പിട്ട് കഴുകുന്നതിനും, ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ള മറ്റ് എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുന്നതിനുള്ള സംവിധാനം ടൂറിസ്റ്റ് കേന്ദ്രങ്ങളിലും, ഹോട്ടലുകളിലും ഉണ്ടാകണം. നടപ്പാതകളും, കൈവരികളും, ഇരിപ്പിടങ്ങളുമെല്ലാം സാനിട്ടൈസര്‍ സ്പ്രേ ഉപയോഗിച്ച് അണുവിമുക്തമാക്കണം. ടൂറിസം കേന്ദ്രങ്ങളിലെത്തുന്നവരുടെ പേരും വിശദവിവരങ്ങളും രേഖപ്പെടുത്തണം.

കൊറാേണ പ്രോട്ടോകാേള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനുള്ള ചുമതല ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും, ഡിടിപിസി സെക്രട്ടറിമാര്‍ക്കുമായിരിക്കും. നിശ്ചിത ഇടവേളകളില്‍ ടൂറിസം കേന്ദ്രങ്ങള്‍ ശുചീകരിക്കുകയും, അണുവിമുക്തമാക്കുകയും ചെയ്യണം.

ഹോട്ടല്‍ ബുക്കിംഗും, വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ടിക്കറ്റെടുക്കുന്നതും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാകണമെന്ന നിര്‍ദ്ദേശവും ഉത്തരവിലുണ്ട്.
ആയുര്‍വേദ കേന്ദ്രങ്ങളിലും സംസ്ഥാന സര്‍ക്കാരിന്‍റെ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച അണ്‍ലോക്ക് 4 ഉത്തരവില്‍ നിരോധിത കാറ്റഗറിയില്‍ ടൂറിസം ഉള്‍പ്പെടുത്തിയിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ശന മുന്‍കരുതലുകള്‍ പാലിച്ച് ടൂറിസം കേന്ദ്രങ്ങള്‍ തുറന്നുകൊടുക്കുന്നതില്‍ അപാകതയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം കൈക്കൊണ്ടതെന്ന് മന്ത്രി പറഞ്ഞു.