മണ്ണിടിഞ്ഞ് ഷിരൂരിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ പുനരാരംഭിക്കുന്നതിൽ തീരുമാനം ചൊവ്വാഴ്ച ഉണ്ടാകും. അടുത്ത ഒരാഴ്ച കാലാവസ്ഥ അനുകൂലമെന്നാണ് പ്രവചനം. കഴിഞ്ഞ രണ്ട് ദിവസമായി ഗംഗാവലി പുഴയുടെ വൃഷ്ടി പ്രദേശത്ത് മഴ ഉണ്ടായില്ലെന്നതും ആശ്വാസകരമാണ്. അതിനാൽ പുഴയുടെ ഒഴുക്ക് കുറയുന്നുണ്ട്. ചൊവ്വാഴ്ചയോടെ പുഴയുടെ ഒഴുക്ക് കുറഞ്ഞാൽ അടുത്ത നടപടി തീരുമാനിക്കുമെന്നും ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ അറിയിച്ചു.
ഒരാൾ ഇറങ്ങി തിരയാൻ സുരക്ഷിതമായി 2 നോട്ട് ആയി പുഴയുടെ ഒഴുക്കിന്റെ വേഗം കുറയണം. നിലവിൽ വെള്ളത്തിന്റെ അടിയൊഴുക്ക് 5.4 നോട്ട് വേഗതയിലാണ്. ഈ വേഗതയിൽ ഡ്രഡ്ജിംഗോ, ഡൈവിംഗോ സാധ്യമാകില്ല. പുഴയിലെ ഒഴുക്കിന്റെ വേഗം 3.5 നോട്ട് എങ്കിലുമെത്തിയാൽ ഡ്രഡ്ജിംഗിന് ശ്രമിക്കാമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
ഗംഗാവലി പുഴയിലെ ഒഴുക്ക് ശക്തമായതിനാലാണ് അര്‍ജുന് വേണ്ടിയുളള തെരച്ചിൽ നിര്‍ത്തിവെച്ചത്. പ്രദേശത്ത് മഴയും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായിരുന്നു. വിഷയത്തിൽ കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം ഇടപെട്ടിരുന്നു. തെരച്ചിൽ പുനരാരംഭിക്കണമെന്ന് കോടതി നിര്‍ദ്ദേശം നൽകി. അതിനിടെ, അര്‍ജുനെ കണ്ടെത്താന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അര്‍ജുന്‍റെ കുടുംബത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ രേഖാമൂലം ഉറപ്പ് നല്‍കി.
കോഴിക്കോട് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ അര്‍ജുന്‍റെ വീട്ടിലെത്തിയാണ് മുഖ്യമന്ത്രിയുടെ കത്ത് കൈമാറിയത്. ഹൈക്കോടതിയുടെ അനുകൂല ഉത്തരവുണ്ടായിട്ടും അര്‍ജുനെ കണ്ടെത്താനായുളള തെരച്ചില്‍ കര്‍ണാടക സര്‍ക്കാര്‍ പുനാരംഭിക്കുന്നില്ലെന്ന പരാതിക്കിടെയാണ് വിഷയത്തില്‍ ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ പുരോഗതി മുഖ്യമന്ത്രി രേഖാമൂലം അര്‍ജുന്‍റെ കുടുംബത്തെ അറിയിച്ചത്.