തിരുവനന്തപുരം : ശബരിമല വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. വിമാനത്താവള നിര്‍മാണത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ റവന്യൂ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്.

കോട്ടയം ജില്ലാ കളക്ടറെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്കുമായി ചുമതലപ്പെടുത്തി. റവന്യൂ പ്രിന്‍സിപ്പല്‍സിപ്പല്‍ സെക്രട്ടറി ജയതിലകാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവില്‍ ഒപ്പുവെച്ചത്. ഇതുപ്രകാരം 2226.13 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനാണ് ഉത്തരവില്‍ പറയുന്നത്.

2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമ പ്രകാരമായിരിക്കും നടപടി. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ സെക്ഷന്‍ 77 അനുസരിച്ച്‌ കോടതിയില്‍ നഷ്ടപരിഹാരത്തുക കെട്ടിവെച്ചാണ് ഭൂമി ഏറ്റെടുക്കുക. എന്നാല്‍ സര്‍ക്കാര്‍ തന്നെ ഭൂമി ഏറ്റെടുക്കുന്നതിനാല്‍ പണം കെട്ടിവെയ്ക്കണമെന്ന വ്യവസ്ഥ ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച വര്‍ഷങ്ങളായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പാല കോടതിയില്‍ ഹര്‍ജിയും ഫയല്‍ ചെയ്തിട്ടുണ്ട്. അതിനിടയിലാണ് സുപ്രീംകോടതി വരെ അപ്പീല്‍ പോയാണ് ഭൂമിയേറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ഹാരിസണ്‍ മലയാളത്തില്‍ നിന്നും നേരത്തെ ബിലീവേഴ്‌സ് ചര്‍ച്ച വാങ്ങിയ ഭൂമി സര്‍ക്കാര്‍ ഭൂമിയാണ് എന്ന് നേരത്തെ എം.ജി. രാജമാണിക്യം ഐഎഎസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.