തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ മണ്ഡലകാലത്ത് ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണം കുറക്കാന്‍ തീരുമാനം. വിര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ മാത്രം തീര്‍ഥാടകരെ പ്രവേശിപ്പിക്കാനും തീരുമാനിച്ചു.
മണ്ഡലകാലത്തെ തീര്‍ഥാടന മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപവത്കരിച്ചതായും ഒരാള്‍ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്‍. വാസു പറഞ്ഞു.
ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയില്‍ ആരോഗ്യവകുപ്പ് സെക്രട്ടറി, ദേവസ്വം സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി എന്നിവര്‍ ഉള്‍പ്പെടും. തീര്‍ഥാടകര്‍ക്ക് വേണ്ടി നടപ്പാക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ എന്തെല്ലാം എന്ന കാര്യത്തില്‍ നിര്‍ദേശങ്ങള്‍ തയാറാക്കി സര്‍ക്കാറിന് കൈമാറും.
കോവിഡ് രോഗമില്ലെന്ന് സ്ഥിരീകരിച്ചാല്‍ മാത്രമേ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കൂ. നെയ്യഭിഷേകത്തിന് പകരം സംവിധാനം ഒരുക്കും. സന്നിധാനത്ത് വിരിവെക്കാന്‍ അനുവാദം നല്‍കില്ല. അന്നദാനം പരിമിതമായ രീതിയില്‍ നടത്തുമെന്നും പൊതുവായ പാത്രങ്ങള്‍ ഉപയോഗിക്കാതെ പകരം സംവിധാനം കണ്ടെത്തുമെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.