തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടില്‍ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്ന ശേഷം കൊലയാളികള്‍ ഈ വിവരം അറിയിക്കുന്നത് അടൂര്‍ പ്രകാശ് എം.പിയെയാണെന്ന് മന്ത്രി ഇ.പി ജയരാജന്‍. . ആരോപണങ്ങള്‍ നിഷേധിച്ച അടൂര്‍ പ്രകാശ്, അതു തെളിയിക്കാന്‍ മന്ത്രിയെ വെല്ലുവിളിച്ചു. കൊലപാതകത്തിനു ശേഷം പ്രകാശിനെ പ്രതികള്‍ ഫോണില്‍ വിളിച്ചുവെന്ന് ആരോപിച്ച ജയരാജന്‍, ഗൂഢാലോചനയില്‍ അദ്ദേഹത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു.
ലക്ഷ്യം നിര്‍വഹിച്ചുവെന്നാണ് അവര്‍ അടൂര്‍ പ്രകാശിനു കൊടുത്ത സന്ദേശം. അറസ്റ്റിലായ എല്ലാവരും കോണ്‍ഗ്രസുകാരും ഉന്നത നേതാക്കളുമായി ബന്ധമുള്ളവരുമാണ്. ശക്തമായ ഗൂഢാലോചനയും വലിയ ആസൂത്രണവും നടക്കുകയാണ്. എല്ലാ ജില്ലകളിലും ഇത്തരം കൊലപാതക സംഘങ്ങളെ ഉണ്ടാക്കിയിട്ടുണ്ടെന്നും ജയരാജന്‍ ആരോപിച്ചു. എന്നാല്‍, ആരോപണം തെളിയിക്കേണ്ട ബാധ്യത ഉന്നയിച്ച മന്ത്രിക്കാണെന്നും ആഭ്യന്തര വകുപ്പ് ഇക്കാര്യവും അന്വേഷിക്കട്ടെ എന്നും അടൂര്‍ പ്രകാശ് പറഞ്ഞു. പ്രതികളാരും തന്നെ വിളിച്ചിട്ടില്ല. എംപി ആയിട്ട് ഒന്നേകാല്‍ വര്‍ഷമായി. ഈ മണ്ഡലത്തിനു കീഴിലെ 7 നിയമസഭാ മണ്ഡലങ്ങളിലുമുള്ള ആളുകള്‍ വിളിക്കാറുണ്ട്. സിപിഎമ്മുകാര്‍ പോലും ആവശ്യം ഉന്നയിച്ചു വിളിക്കാറുണ്ട്. ന്യായമെങ്കില്‍ ചെയ്തു കൊടുക്കേണ്ടതു തന്റെ ചുമതലയാണ്.
കൊലപാതകവുമായി ബന്ധപ്പെട്ടു സഹായം ചെയ്യുക കോണ്‍ഗ്രസിന്റെ സംസ്കാരമല്ല. അതു സിപിഎം ശീലിച്ചു വന്ന കാര്യമാണ്. ഇപ്പോള്‍ ഭരണം അവരുടെ കൈയിലാണ്. മുഖ്യമന്ത്രിയാണ് ആഭ്യന്തരം കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടു തനിക്കെതിരായ ആരോപണം തെളിയിക്കാനുള്ള ഉത്തരവാദിത്തം അത് ഉന്നയിച്ച മന്ത്രി ഇ.പി.ജയരാജനും പാര്‍ട്ടി ജില്ലാ സെക്രട്ടറി എന്ന നിലയില്‍ ആനാവൂര്‍ നാഗപ്പനും ഏറ്റെടുക്കുന്നതാകും നല്ലതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
കൊല്ലപ്പെട്ട ഡി.വൈ.എഫ്. ഐ. പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇ.പി. ജയരാജന്‍ ആറ്റിങ്ങല്‍ എം.പി അടൂര്‍ പ്രകാശിനെതിരെ ആരോപണമുന്നയിച്ചത്. ലക്ഷ്യം നിര്‍വഹിച്ചുവെന്നാണ് അവര്‍ അടൂര്‍ പ്രകാശിന് കൊടുത്ത സന്ദേശം. അറസ്റ്റിലായ എല്ലാവരും കോണ്‍ഗ്രസുകാരും, കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളുമായി ബന്ധമുള്ളവരമാണ്. ഇതിന്റെ പിന്നില്‍ ശക്തമായ ഗൂഢാലോചന നടന്നിട്ടുണ്ട്.തിരുവോണനാളില്‍ ചോരപ്പൂക്കളം സൃഷ്ടിക്കുന്നതും, അക്രമികളെ സംരക്ഷിക്കുന്നതും സമാധാനമുണ്ടാക്കുന്നതല്ല. ജനങ്ങള്‍ പ്രതികരിക്കണം. ജനസേവനം മാത്രം കൈമുതലാക്കി എല്ലാവരേയും സഹായിക്കുന്ന രണ്ട് ചെറുപ്പക്കാരെയാണ് വെട്ടിക്കൊന്നത്. നാട് ക്ഷോഭിക്കും. അക്രമികള്‍ക്ക് നേരെ തിരിച്ചടിക്കും.കോണ്‍ഗ്രസ് നേതാക്കളുടെ സന്ദേശമാണ് ഞാന്‍ കേട്ടത്..നിങ്ങള്‍ സംഭവം നടത്തിക്കൊള്ളൂ. നിങ്ങളുടെ എല്ലാ കാര്യവും ഞങ്ങള്‍ നോക്കിക്കൊള്ളാം എന്നാണ് സന്ദേശം-ജയരാജന്‍ പറഞ്ഞു.