കൊല്ലം: വിസ്മയ കൊല്ലപ്പെട്ടതാണോ അതോ സ്വയം മരണം വരിച്ചതാണോ എന്നറിയാന്‍ ഡമ്മി പരീക്ഷണം നടത്തി പൊലീസ്. വിസ്മയ തൂങ്ങി മരിച്ചുവെന്ന് പറയുന്ന ശുചിമുറിയില്‍ രംഗങ്ങള്‍ പുനാരാവിഷ്‌ക്കരിച്ചു. പ്രതി കിരണ്‍കുമാറിന്റെ വീട്ടിലെ ശൗചാലയത്തിലാണ് ഡമ്മി ഉപയോഗിച്ച്‌ സംഭവം പുനരാവിഷ്‌കരിച്ചത്. വിസ്മയയെ ശൗചാലയത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതും ഇതിനുശേഷം കിരണ്‍കുമാര്‍ ചെയ്തകാര്യങ്ങളുമെല്ലാം ഡമ്മി ഉപയോഗിച്ച്‌ പുനരാവിഷ്‌കരിച്ചു. ചോദ്യങ്ങളോടെല്ലാം നിര്‍വികാരമായിട്ടായിരുന്നു കിരണിന്റെ പ്രതികരണം. വാതില്‍ ചവിട്ടിത്തുറന്നതും പിന്നീടുണ്ടായ കാര്യങ്ങളും കിരണ്‍കുമാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ആവര്‍ത്തിച്ചുകാണിച്ചു. ഇതെല്ലാം പൊലീസ് സംഘം ക്യാമറയില്‍ ചിത്രീകരിക്കുകയും ചെയ്തു. പൊലീസ് സര്‍ജനും ഫൊറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി.

കിരണ്‍കുമാറുമായി പോരുവഴിയിലെ എസ്.ബി.ഐ. ശാഖയിലാണ് പൊലീസ് സംഘം ആദ്യം തെളിവെടുപ്പ് നടത്തി. ഇവിടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 42 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു. ബാങ്കിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷമാണ് കിരണ്‍കുമാറിന്റെ വീട്ടില്‍ തെളിവെടുപ്പും ശാസ്ത്രീയ പരിശോധനയും നടത്തിയത്. വിസ്മയയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നത് സ്ഥിരീകരിക്കാനായിട്ടില്ലെന്നും ഇതിനുവേണ്ടിയാണ് ശാസ്ത്രീയപരിശോധനകള്‍ നടത്തിയതെന്നും പൊലീസ് പറഞ്ഞു.