തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്‍പ്പനയ്ക്ക് ബെവ്ക്യൂ ആപ്പ് തുടരും. എക്സൈസ് മന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. മദ്യവില്‍പനയ്ക്കുള്ള ടോക്കണ്‍ വിതരണം പരാജയപ്പെട്ടെങ്കിലും ബെവ്ക്യൂ ആപ്പ് ഉപേക്ഷിക്കേണ്ടതില്ലെന്ന് സ‍ര്‍ക്കാര്‍ തീരുമാനിച്ചു.

ആപ്പിലെ ചെറിയ ചില പോരായ്മകള്‍ പരിഹരിച്ചാല്‍ പ്രവ‍ര്‍ത്തസജ്ജമാകുമെന്ന ഐ.ടി വിദ​ഗ്ദ്ധരുടെ അഭിപ്രായം പരി​ഗണിച്ചാണ് ബെവ്ക്യൂ ആപ്പുമായി മുന്നോട്ട് പോകാന്‍ സ‍ര്‍ക്കാ‍ര്‍ തീരുമാനിച്ചത്. ആപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇന്നു വൈകിട്ടോടെ പരിഹരിക്കണമെന്ന് എക്സൈസ് മന്ത്രി യോ​ഗത്തില്‍ നി‍ര്‍ദേശിച്ചു.

ആപ്പിന്‍്റെ പ്രവര്‍ത്തം ഐ.ടി സെക്രട്ടറി എം.ശിവശങ്കറും സ്റ്റാ‍ര്‍ട്ട് അപ്പ് മിഷന്‍ സി.ഇ.ഒ സജി ​ഗോപീനാഥും നേരിട്ട് പരിശോധിക്കാനും യോ​ഗത്തില്‍ ധാരണയായി. കൊച്ചി ആസ്ഥാനമായ ഫെയര്‍കോഡ് എന്ന ഐടി സ്റ്റാര്‍ട്ട് അപ്പ് കമ്ബനിയാണ് ആപ്പിന്‍്റെ നിര്‍മ്മാതാക്കള്‍.

അതേസമയം തുടര്‍ച്ചയായി രണ്ടാം ദിവസവും ആപ്പ് നിശ്ചലയമാതോടെ സംസ്ഥാനത്ത് പലയിടത്തും ടോക്കണില്ലാതെ സ്വകാര്യ ബാറുകള്‍ മദ്യം വിതരണം ചെയ്തു.പലര്‍ക്കും ഇപ്പോഴും ആര്‍ക്കും ആപ്പ് കിട്ടുന്നില്ല. ബുക്കിംഗുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ഫേസ് ബുക്ക് പേജില്‍ നിന്നും നീക്കം ചെയ്ത് ഫെയര്‍കോഡ് അധിക‍ൃതര്‍ ഒരു വിശദീകരണത്തിനും തയ്യാറാകാതെ ഓഫീസും അടച്ചിരുന്നു.