മിന്നെപോളിസ്: മതപരമായ കൂട്ടായ്മകള്‍ പാടില്ലെന്ന മിന്നെസോട്ട ഭരണകൂടത്തിന്റെ നിര്‍ദ്ദേശം അന്തിമമായി നീളുന്ന പശ്ചാത്തലത്തില്‍ വിശുദ്ധ കുര്‍ബാനകള്‍ പുനരാരംഭിക്കുവാന്‍ അമേരിക്കയിലെ മിന്നെസോട്ട സംസ്ഥാനത്തെ ലെ മെത്രാന്മാര്‍ ഇടവകകള്‍ക്ക് അനുവാദം നല്‍കി. മെയ് 26 മുതല്‍ പൊതുജന പങ്കാളിത്തത്തോടെയുള്ള കുര്‍ബാനകള്‍ ആരംഭിക്കാമെന്ന് മിന്നെസോട്ടയിലെ ആറോളം രൂപതകളിലെ മെത്രാന്മാര്‍ ഇന്നലെ സംയുക്തമായി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. പൊതു ആരോഗ്യവും, സുരക്ഷാ മാനദണ്ഡങ്ങളും അനുസരിച്ചായിരിക്കും വിശുദ്ധ കുര്‍ബാന അര്‍പ്പണം നടക്കുക. പരമാവധി ശേഷിയുടെ അന്‍പതു ശതമാനത്തില്‍ കൂടാതെ ആളുകള്‍ക്ക് ഷോപ്പിംഗ് മാളുകളിലും, സ്റ്റോറുകളിലും പ്രവേശിക്കാമെന്നിരിക്കെ പത്തു പേരില്‍ കൂടുന്ന മതകൂട്ടായ്മകള്‍ക്കുള്ള വിലക്ക് തുടരുന്നത് ശരിയല്ലെന്നു മെത്രാന്മാര്‍ തുറന്നടിച്ചു.
കൊറോണ പകര്‍ച്ചവ്യാധിക്കെതിരായ രണ്ടാം ഘട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെയ് 13ന് പുറത്തുവന്ന എക്സിക്യുട്ടീവ് ഉത്തരവിലും പത്തു പേരില്‍ കൂടുതലുള്ള മതകൂട്ടായ്മകള്‍ക്കുള്ള വിലക്ക് തുടരുമെന്ന് അറിയിച്ച സാഹചര്യത്തിലാണ് ശക്തമായ നടപടിയിലേക്ക് മെത്രാന്‍മാര്‍ നീങ്ങിയിരിക്കുന്നത്. ആയിരങ്ങളുടെ ഇരിപ്പിട ശേഷിയുള്ള ദേവാലയങ്ങളില്‍ 11 പേരുടെ കൂട്ടായ്മ അനുവദിക്കില്ല എന്ന് പറയുന്നത് അംഗീകരിക്കുവാന്‍ കഴിയാത്തതിനാലും, എന്ന് പൊതു കുര്‍ബാനകള്‍ പുനരാരംഭിക്കുവാന്‍ കഴിയും എന്നത് സംബന്ധിച്ച് ഗവര്‍ണര്‍ വാല്‍സും അദ്ദേഹം നേതൃത്വം നല്‍കുന്ന ഭരണകൂടവും വ്യക്തതയൊന്നും വരുത്താത്തതിനാലും തങ്ങളുടെ തീരുമാനവുമായി മുന്നോട്ട് പോകുവാന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണെന്നാണ് മെത്രാന്മാരുടെ പ്രസ്താവനയില്‍ പറയുന്നത്.
വിശുദ്ധ കുര്‍ബാനകള്‍ ആരംഭിക്കുന്ന ഇടവകകള്‍ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം ഇരിപ്പിട ശേഷിയുടെ മൂന്നിലൊന്നായി പരിമിതപ്പെടുത്തുന്നത് ഉള്‍പ്പെടെ സഭ നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങളും, അണുനശീകരണവും പാലിച്ചിരിക്കണമെന്നും പ്രസ്താവനയിലുണ്ട്. ഭരണകൂടവുമായി ചര്‍ച്ച നടത്തുവാന്‍ രണ്ടുവട്ടം ഗവര്‍ണറിന് കത്തയച്ചെങ്കിലും അതൊന്നും ഫലവത്തായില്ലെന്നും മെത്രാന്‍മാര്‍ പറയുന്നു. വിശ്വാസികളുടെ ആരാധനാപരമായ ജീവിതത്തിനു വേണ്ട കാര്യങ്ങള്‍ ചെയ്യുവാനും, ദൈവാരാധന എന്ന നമ്മുടെ ഉത്തരവാദിത്തം നിറവേറ്റുവാനും, രാഷ്ട്രത്തിന് ക്ഷേമകരമാകുന്ന രീതിയില്‍ നാം ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന്‍ പറഞ്ഞുകൊണ്ടാണ് മെത്രാന്‍മാരുടെ പ്രസ്താവന അവസാനിക്കുന്നത്.