ന്യൂഡല്‍ഹി : വിവിധ മുഖങ്ങളില്‍ ഒരേ സമയം യുദ്ധം ചെയ്യാന്‍ തക്ക സംവിധാനവും ശക്തിയുമുണ്ടെന്ന് വ്യോമസേന മേധാവി ആര്‍.കെ.എസ് ബധൗരിയ. ഒരു ദേശീയ മാദ്ധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ബധൗരിയയുടെ പരാമര്‍ശം. പാകിസ്താനും ചൈനയും അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് വ്യോമസേന മേധാവിയുടെ മറുപടി.

റഫേല്‍ വിമാനങ്ങള്‍ ജൂലൈയോടെ ഇന്ത്യയിലെത്തുമെന്ന് അറിയിച്ച വ്യോമസേനാ മേധാവി കൂടുതല്‍ തേജസ് വിമാനങ്ങള്‍ വാങ്ങുമെന്നും വ്യക്തമാക്കി. തദ്ദേശീയമായ പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനാണ്‌ ഇന്ത്യ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യം നിലവില്‍ നേരിടുന്ന കൊറോണ പ്രതിസന്ധിയില്‍ ഇന്ത്യന്‍ വ്യോമസേന നിര്‍ണായകമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവില്‍ ലോകത്തെ നാലാമത്തെ വ്യോമ ശക്തിയാണ് ‌ഇന്ത്യ. ബ്രഹ്മോസ് മിസൈല്‍ ഘടിപ്പിക്കാവുന്ന സുഖോയ് എം‌കെ‌ഐയും ഒപ്പം മിറാഷും തേജസുമുള്ള ഇന്ത്യന്‍ പോര്‍വിമാനങ്ങളുടെ നിരയിലേക്ക് റഫേല്‍ കൂടിയെത്തുന്നതോടെ കരുത്തുറ്റ വ്യോമ ശക്തിയായി ഇന്ത്യ മാറും. അമേരിക്കയില്‍ നിന്ന് വാങ്ങിയ ചിനൂക്ക് , അപ്പാഷെ ഹെലികോപ്ടറുകള്‍ വ്യോമശക്തി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ലോകം അംഗീകരിച്ച ഇന്ത്യന്‍ വ്യോമസേനയുടെ പോരാട്ടവീര്യവും കൂടിയാകുമ്ബോള്‍ ഒരേ സമയം പാകിസ്താനേയും ചൈനയേയും പ്രതിരോധിക്കാനുള്ള കരുത്ത് ഇന്ത്യക്കുണ്ട്. വ്യോമസേന മേധാവിയുടെ ശക്തമായ പരാമര്‍ശങ്ങള്‍ക്ക് കാരണം ഇതാണ്.