ലോക്ക്ഡൗണ്‍ നിലവില്‍ വന്നതോടെ വിവാഹങ്ങള്‍ പലതും മാറ്റി വെച്ചു. ചിലര്‍ ആരോഗ്യ വകുപ്പിന്റെയും സര്‍ക്കാരിന്റെയും നിര്‍ദേശങ്ങള്‍ പാലിച്ച്‌ വിവാഹം നടത്തുന്നു. ഇത്തരത്തില്‍ യുവ ദമ്ബതികള്‍ വിവാഹാഘോഷത്തിനായി മാറ്റി വെച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരിക്കുകയാണ്. ഈ നല്ല മാതൃക കാട്ടിയത് കോട്ടയം പള്ളിക്കത്തോട് സ്വദേശി ബോണി പി ഫ്രാന്‍സിസും ഇടുക്കി മാങ്കുളം സ്വദേശിനി ചൈതന്യ ബെന്നിയുമായിരുന്നു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളില്ലാതെയാണ് ഇരുവരുടെയും വിവാഹ നിശ്ചയവും നടന്നത്. പള്ളിക്കത്തോട്ടിലെ യുവ വ്യാപാരിയായ ബോണി, വിവാഹത്തിനുള്ള പണം വധുവിനൊപ്പമെത്തികളക്ടര്‍ പി.കെ. സുധീര്‍ ബാബുവിനാണ് കൈമാറുകയാണ് ചെയ്തത്. പള്ളിക്കത്തോട് മമ്മൂട്ടി ഫാന്‍സ് അസോസിയേഷനിലെ സജീവ പ്രവര്‍ത്തകനായ ബോണിയുടെ തീരുമാനം നടന്‍ മമ്മൂട്ടിയുടെ ചെവിയിലുമെത്തി. അദ്ദേഹം ബോണിയെ അഭിനന്ദനം അറിയിച്ചു.

ഇത് സംബന്ധിച്ച്‌ റോബര്‍ട്ട് കുര്യാക്കോസ് എന്നയാള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വൈറലായിരുന്നു.

കുറിപ്പിങ്ങനെ,

ബോണിക്കും ചൈതന്യക്കും വിവാഹ ആശംസകള്‍.. പേരുപോലെ തന്നെ ചൈതന്യമുണ്ടാവട്ടെ ജീവിതത്തിലും !ബോണിയെ മുട്ടില്‍ ഇഴയുന്ന പ്രായം തുടങ്ങിയെ അറിയാം. മിടുക്കനാണ്. കട്ട മമ്മൂക്ക ഫാന്‍. മമ്മൂട്ടി ഫാന്‍സിന്റെ പള്ളിക്കത്തോട് ഘടകത്തിലെ സജീവ പ്രവര്‍ത്തകന്‍. ചൈതന്യയുമായുള്ള വിവാഹം മുന്‍പേ നിശ്ചയിച്ചതാണെകിലും കോവിഡ് കാലം കഴിയും വരെ മാറ്റി വക്കും എന്നാണ് ഞാന്‍ കരുതിയത്. പള്ളിക്കത്തോട്ടിലെ അറിയപ്പെടുന്ന ഒരു യുവ വ്യാപാരി കൂടി ആയ ബോണിക്ക് അങ്ങനെ ചെറിയ തോതില്‍ ഒന്നും കല്യാണം നടത്താന്‍ കഴിയില്ലെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട് തന്നെ കല്യാണം അല്‍പ്പം കഴിഞ്ഞേ ഉണ്ടാവൂ എന്നാണ് ഞാന്‍ കരുതിയത്. പക്ഷേ അവന്‍ ഞെട്ടിച്ചു. നിശ്ചയിച്ച ഡേറ്റില്‍ തന്നെ വിവാഹം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു, ‘കുറെ പൈസ ലഭിക്കുമല്ലോ? ‘ ‘ഇല്ല ഇച്ചായോ, ആ കാശ് ഞാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുവാണ്. ഇതല്ലേ നമുക്ക് ചെയ്യാന്‍ പറ്റൂ.. ഇത്രയും കാലം നമ്മുടെ ഫാന്‍സ് കാരോട് ഇങ്ങനെ ചെയ്യാന്‍ അല്ലേ നമ്മുടെ ഇക്കയും പറഞ്ഞു കൊണ്ടിരുന്നത്? ‘
ബോണിയുടെ മറുപടിയില്‍ എല്ലാം ഉണ്ടായിരുന്നു.. ഇന്നലെ കോട്ടയം ജില്ലാ കളക്ടര്‍ക്ക് തുക കൈമാറി.. രണ്ടു പേര്‍ക്കും ആശംസകള്‍ !!!

ഇക്കാര്യം ഞാന്‍ മമ്മുക്കയെയും അറിയിച്ചു.. കയ്യടികളോടെയാണ് അദ്ദേഹം ഈ വാര്‍ത്തയെ വരവേറ്റത്