കോട്ടയം: ബംഗളൂരുവില്‍ നിന്ന് കോട്ടയത്തേക്ക് രേഖകള്‍ ഇല്ലാതെ യാത്രക്കാരെ കൊണ്ടു വന്നു എന്ന ആരോപണം തെറ്റാണെന്ന് കോണ്‍ട്രാക്‌ട് കാര്യേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ അറി​യി​ച്ചു. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചാണ് സര്‍വ്വീസ് നടത്തിയത്. വാഹനം ഏര്‍പ്പാടാക്കിയത് കെ.പി.സി.സി അല്ലെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. തമിഴ്നാട്, കര്‍ണാടക എന്നീ സംസ്‌ഥാനങ്ങളുടെ പാസോടെയാണ് സര്‍വീസ് നടത്തിയത്. ചെക്ക് പോസ്റ്റുകളിലെ പരിശോധനയും പൂര്‍ത്തിയാക്കിയി​രുന്നു. ബംഗളൂരുവിലെ ആളുകള്‍ ഉണ്ടാക്കിയ വാട്സ്‌ആപ്പ് കൂട്ടായ്മയാണ് യാത്ര ക്രമീകരിച്ചത്. പുത്തന്‍ കുരിശിലുള്ള ആളാണ് വാഹനം ബുക്ക്‌ ചെയ്തത്. ട്രിപ്പ് കഴിഞ്ഞശേഷം രോഗ ലക്ഷണം ഉണ്ടെങ്കില്‍ മാത്രം ഡ്രൈവര്‍ നിരീക്ഷണത്തില്‍ പോയാല്‍ മതിയെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നത്. കോട്ടയത്ത് ഇറങ്ങിയവര്‍ക്ക് വീടുകളിലേക്ക് പോകാനുള്ള വാഹനം എത്തിയിരുന്നില്ല. അതിനാലാണ് പാസിനായി അവര്‍ പൊലീസിനെ സമീപിച്ചതെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.