തിരുവനന്തപുരം: വായ്പാപരിധിക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ ഒഴിവാക്കുകയോ ചര്‍ച്ച നടത്തുകയോ വേണമെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. വായ്പാപരിധി ഉയര്‍ത്തിയ നടപടിയെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ നിബന്ധനകളോട് കേരളത്തിന് എതിര്‍പ്പുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളെ ഒഴിവാക്കല്‍ നിബന്ധനയായി വന്നാല്‍ കേരളം അംഗീകരിക്കില്ല. കൊള്ളപ്പലിശ ഒഴിവാക്കാന്‍ കേന്ദ്രം വായ്പ എടുത്ത് നല്‍കണമെന്നും ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വായ്പാ പരിധി ഉയര്‍ത്തിയതോടെ സംസ്ഥാനത്തിന് 18,087 കോടി രൂപ കേരളത്തിന് അധികമായി വായ്പ എടുക്കാം. കേരളത്തിന്റെ വരുമാന ഇടിവിന്റെ പകുതിമാത്രമേ നികത്താന്‍ കഴിയൂ.
കേന്ദ്ര ബജറ്റിലുള്ള സംസ്ഥാന വരുമാനത്തിന്റെ അഞ്ച് ശതമാനം എടുക്കാന്‍ അനുവദിക്കണം. കേരളത്തിന് ലഭിക്കാനുള്ള ജി.എസ്.ടി വിഹിതം പൂര്‍ണമായും നല്‍കണം. കേന്ദ്രം അനുവദിച്ച 13000 കോടി രൂപയില്‍ 9000 കോടി രൂപയും കേരളം എടുത്തുകഴിഞ്ഞു. എന്നാല്‍ ഒന്‍പത് ശതമാനമാണ് പലിശ. ഈ വായ്പ ആര്‍ബിഐയില്‍ നിന്ന് എടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണം. എങ്കില്‍ മാത്രമേ ന്യായമായ പലിശയ്ക്ക് വായ്പ കിട്ടൂ. 40,000 കോടി തൊഴിലുറപ്പിന് അനുവദിച്ചത് ഉചിതമായ നടപടിയാണ്. എന്നാല്‍ തൊഴിലുറപ്പ് കൂലി മുന്‍വര്‍ഷത്തെ അനുപാതത്തില്‍ മുന്‍കൂറായി നല്‍കി ജനങ്ങളുടെ കയ്യില്‍ പണം എത്തിക്കണം. ഊര്‍ജമേഖലയില്‍ കേന്ദ്രം പറയുന്ന പല പരിഷ്‌കാരങ്ങളും നടപ്പാക്കാനാകില്ല.
ഈ പ്രതിസന്ധി കാലഘട്ടത്തെ ഇത്തരം പരിഷ്‌കാരങ്ങള്‍ക്കുള്ള അവസരമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. സമ്ബൂര്‍ണ ആത്മനിര്‍ഭര്‍ പാക്കേജിനെക്കുറിച്ചുള്ള പ്രതികരണം നാളെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യമേഖലയില്‍ പണം അനുവദിക്കണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു. പൊതുമേഖല സ്ഥാപനങ്ങളെ തര്‍ക്കുന്ന കേന്ദ്രത്തിന്റെ നിലപാടിനെയും എതിര്‍ക്കുന്നു. സംസ്ഥാനങ്ങള്‍ക്ക് മേല്‍ കേന്ദ്രത്തിന് നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. ഈ സന്ദര്‍ഭത്തില്‍ ചില നിബന്ധകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. റിസര്‍വ് ബാങ്കില്‍ നിന്ന് വായ്പയെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി വേണം. എങ്കില്‍ മാത്രമേ ന്യായമായ നിരക്കില്‍ വായ്പ കിട്ടൂ. അതിഥി തൊഴിലാളികളുടെ യാത്ര 15 ശതമാനം സംസ്ഥാനം വഹിക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശം പരിശോധിക്കും. ഇതിനായി സമിതികളെ നിയോഗിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കേന്ദ്രം എന്താണ് ചെയ്യുന്നതെന്ന് നോക്കിയ ശേഷം പുതിയ ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിലപാടറിയിക്കാമെന്നും ധനമന്ത്രി പറഞ്ഞു.