ഡല്‍ഹിയില്‍ 18 മുതല്‍ 44 വയസ് വരെയുള്ളവര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ എടുക്കുന്നത് നിര്‍ത്തിവച്ചു. വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്നാണ് വാക്‌സിനേഷന്‍ നിര്‍ത്തിവച്ചിരിക്കുന്നത്. ഇന്ന് മുതല്‍ എല്ലാ വാക്‌സിനേഷന്‍ സെന്ററുകളും അടച്ചിടുമെന്നും അവശേഷിക്കുന്ന വാക്‌സിന്‍ ഡോസുകളെല്ലാം ഉടന്‍ തീരുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. പ്രതിമാസം ഡല്‍ഹിക്ക് വേണ്ടത് 60 ലക്ഷം ഡോസ് വാക്സിനാണ്.

കൂടുതല്‍ വാക്സിന്‍ ഡോസുകള്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. 18 മുതല്‍ 44വരെ പ്രായമുള്ളവര്‍ക്ക് 2.5 കോടി വാക്സിന്‍ ആവശ്യമായി വരും. പ്രതിമാസം 8 ലക്ഷം മാത്രം തന്നാല്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ 30 മാസമെങ്കിലും എടുക്കും. അപ്പോഴേക്കും നിരവധി പേര്‍ കോവിഡ് രോഗം മൂലം മരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിദേശ മരുന്ന് കമ്ബനികള്‍ക്ക് ഇന്ത്യയില്‍ വാക്സിന്‍ നിര്‍മിക്കാനുള്ള അനുമതി നല്‍കണമെന്നും കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.