ന്യൂഡൽഹി∙ കോവിഡ് വാക്സീൻ സ്വീകരിക്കുന്നതിന് ആശങ്ക വേണ്ടെന്നു ലണ്ടനിൽ വാക്സീൻ സ്വീകരിച്ച മലയാളി ഡോക്ടർ അജികുമാർ കവിദാസൻ മനോരമയോട്. ഫൈസർ വാക്സീന്റെ ആദ്യ ഡോസാണ് ബ്രിട്ടനിൽ വിതരണം തുടങ്ങിയ അന്നു തന്നെ അജികുമാർ സ്വീകരിച്ചത്. 4 ദിവസം പിന്നിടുമ്പോഴും ശാരീരിക ബുദ്ധിമുട്ടുകളില്ലെന്നും വാക്സീൻ സ്വീകരിച്ച് അരമണിക്കൂറിനുള്ളിൽ തന്നെ കോവിഡ് ഡ്യൂട്ടി അടക്കം തുടരുന്നതായും അദ്ദേഹം പറഞ്ഞു. ഫൈസർ വാക്സീൻ സ്വീകരിച്ച 2 പേർക്ക് ഗുരുതര അലർജിയുണ്ടായതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു.
ആരോഗ്യസേവനങ്ങൾ പൂർണമായും സൗജന്യമായ ലണ്ടനിൽ, വാക്സീൻ വിതരണവും സൗജന്യമായാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലണ്ടനിലെ ക്രൊയ്ഡോൺ യൂണിവേഴ്സിറ്റി ആശുപത്രിയിൽ ശ്വാസകോശ ചികിത്സാ വിദഗ്ധനും അധ്യാപകനുമാണ് അജികുമാർ. വാക്സീൻ, മരുന്ന്, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവയോട് ഏതെങ്കിലും തരത്തിലുള്ള അലർജിയുള്ളവർ വാക്സീൻ സ്വീകരിക്കരുതെന്ന് ബ്രിട്ടനിലെ മെഡിസിൻസ് ആൻഡ് ഹെൽത്ത്കെയർ പ്രോഡക്ട്സ് റെഗുലേറ്ററി ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്. ലണ്ടനിൽ കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്.

മാർച്ച്–ജൂൺ കാലയളവിൽ 525 കോവിഡ് മരണം ഞങ്ങളുടെ ആശുപത്രിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. അതുകൊണ്ട് തന്നെ സർക്കാരിന്റെ മുൻഗണനാ പട്ടിക പ്രകാരം ആദ്യദിവസം തന്നെ ഞങ്ങൾക്ക് വാക്സീൻ നൽകി. ഇഞ്ചക്ഷനെടുത്ത സ്ഥലത്തു നേരിയ വേദന കുറച്ചുനേരത്തേക്ക് ഉണ്ടായിരുന്നെങ്കിലും ഇതു നീണ്ടില്ല. ജോലിക്കിടയിലായിരുന്നു വാക്സീനെടുത്തത്. തിരികെ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. ഏറെ വർഷമെടുത്താണ് സാധാരണ വാക്സീൻ ഗവേഷണം. ചുരുങ്ങിയ സമയം കൊണ്ട് വികസിപ്പിച്ചതായതു കൊണ്ട് ഡോക്ടർമാരിൽ ചിലർക്കു തന്നെ ആശങ്കയുണ്ടായിരുന്നു. അവർക്കടക്കം ആത്മവിശ്വാസം നൽകാനാണ് ആദ്യം തന്നെ വാക്സീൻ സ്വീകരിച്ചതെന്നും ആലപ്പുഴ സ്വദേശിയായ ഡോ. അജികുമാർ പറഞ്ഞു.

ക്രൊയ്ഡോൺ യൂണിവേഴ്സിറ്റി ആശുപത്രിയിൽ മാത്രം 500ലധികം പേർക്ക് വാക്സീൻ നൽകി കഴിഞ്ഞു. ചിലരിൽ പനി അനുബന്ധമായ ചില പ്രശ്നങ്ങളുണ്ടായെങ്കിലും അതും കൂടുതൽ നേരത്തേക്കു നീണ്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ട് തോന്നിയാൽ ഹെൽപ്പ്‍ലൈൻ നമ്പറിൽ വൈദ്യസഹായം തേടുന്നതടക്കം സുസജ്ജമായ ആരോഗ്യസംവിധാനം ലണ്ടനിലുണ്ടെന്നതിനാൽ ആർക്കും ആശങ്കയില്ലെന്നും അജികുമാർ പറഞ്ഞു. യുഎസ് കമ്പനിയായ ഫൈസറും ജർമൻ കമ്പനിയായ ബയോൺടെക്കും വികസിപ്പിച്ച വാക്സീനാണ് ബ്രിട്ടനിൽ നൽകുന്നത്.