ന്യൂഡൽഹി: രാജ്യത്ത് ലോക്ക്ഡൗൺ രണ്ട് ആഴ്ചത്തേക്ക് കൂടി നീട്ടി. കേന്ദ്രസർക്കാരാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ രാജ്യത്ത് മെയ് 17 വരെ ലോക്ക്ഡൗൺ തുടരും. വരുന്ന ഞായറാഴ്ച വരെയായിരുന്നു ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്. നിരവധി സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ലോക്ക്ഡൗൺ നീട്ടിയതോടെ പൊതുഗതാഗതം ഉണ്ടാവില്ല. വ്യോമ, റെയിൽ, മെട്രോ, റോഡ് വഴിയുള്ള അന്തർസംസ്ഥാന യാത്രയ്ക്കുള്ള നിരോധനം തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ മാർഗനിർദേശത്തിൽ പറയുന്നു. ഓട്ടോ, ടാക്സി സർവീസുകളും ഉണ്ടാവില്ല. എന്നാൽ അടിയന്തര സാഹചര്യങ്ങളിലെ യാത്രകൾക്ക് സോപാധിക അനുമതി നൽകാമെന്നും പറയുന്നു.
സ്കൂളുകൾ, കോളജുകൾ, കോച്ചിംഗ് സ്ഥാപനങ്ങൾ, ഹോട്ടലുകൾ റെസ്റ്റോറന്റുകൾ എന്നിവയൊന്നും പ്രവർത്തിക്കാൻ പാടില്ല. തീയറ്ററുകൾ, മാളുകൾ, ജിമ്മുകൾ, സ്പോർട്സ് കോംപ്ലക്സുകൾ എന്നിവപോലുള്ള ഇടങ്ങളും തുറക്കില്ല. മത, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക സമ്മേളനങ്ങളും അനുവദിക്കില്ല. ആരാധാനലയങ്ങളും അടഞ്ഞ് കിടക്കും. ബാർബർ ഷോപ്പുകളും തുറക്കില്ല.
എന്നാൽ ഗ്രീൻസോണായി പ്രഖ്യാപിക്കുന്ന ഇടങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവുകളുണ്ടാകും. ഓറഞ്ച് സോണിലും ഭാഗീക ഇളവുകൾ നൽകും. 21 ദിവസം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത ഇടങ്ങളാണ് ഗ്രീൻ സോണായി പ്രഖ്യാപിക്കുക.