തിരുവനന്തപുരം: ലോക്ഡൗണിനു ശേഷവും പൊതു ഗതാഗതത്തില്‍ മുന്‍കരുതല്‍ വേണമെന്ന ശുപാര്‍ശയുമായി മോട്ടര്‍ വാഹന വകുപ്പ്. റോഡിലെ തിരക്കു കുറയ്ക്കാന്‍ ഓഫിസ്, സ്കൂള്‍ പ്രവര്‍ത്തനം, കമ്ബനികളുടെ ജോലിക്രമം തുടങ്ങിയവ പല സമയങ്ങളിലായി ക്രമീകരിക്കണമെന്നും ശനിയാഴ്ച അവധി നല്‍കണമെന്നും നിര്‍ദേശം.
വാഹനങ്ങളുടെ എണ്ണം കുറയ്ക്കാന്‍ ഒറ്റ, ഇരട്ട നമ്ബറുകളില്‍ അവസാനിക്കുന്ന വാഹനങ്ങളെ ഒന്നിടവിട്ട ദിവസങ്ങളില്‍ അനുവദിക്കുക. ഇരുചക്ര വാഹനത്തില്‍ ഒരാള്‍ മാത്രമേ പാടുള്ളൂ; പൂര്‍ണ കവറിങ് ഉള്ള ഹെല്‍മറ്റ് നിര്‍ബന്ധം. കാറില്‍ പരമാവധി 3 പേര്‍. കുടുംബാംഗങ്ങള്‍ അല്ലാത്തവരെ യാത്രയില്‍ ഒപ്പം കൂട്ടരുത്. പൊലീസിന്റെ യാത്രാപാസ് എണ്ണം വിപുലീകരിക്കണം. ജോലിക്കു പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിക്കണം.
ഓട്ടോറിക്ഷകളിലും ടാക്സികളിലും സഞ്ചരിക്കുന്ന യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തണം. ബസുകളില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം ക്രമപ്പെടുത്തണം. വാതിലിനു സമീപം സാനിറ്റൈസര്‍ സ്ഥാപിക്കണം. ഡ്രൈവറും കണ്ടക്ടറും സുരക്ഷാ മുന്‍കരുതല്‍ എടുക്കണം. വൈകിട്ട് എല്ലാ ബസുകളും ഓട്ടോറിക്ഷകളും മറ്റു ടാക്സികളും വാഹനങ്ങളും സോപ്പ് ഉപയോഗിച്ചു കഴുകണം. ഇക്കാര്യം ആരോഗ്യ വകുപ്പ് ഉറപ്പാക്കണം. എല്ലാ ബസ് സ്റ്റോപ്പിലും യാത്രക്കാര്‍ക്കായി കൈകഴുകല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കണം. സ്കൂള്‍ വിദ്യാര്‍ഥികള്‍ വീട്ടില്‍ നിന്നിറങ്ങുമ്ബോള്‍ തന്നെ മാസ്ക് ധരിപ്പിക്കുകയും കൈകള്‍ അണുവിമുക്തമാക്കുകയും വേണം. സ്കൂള്‍ ബസ് ദിവസവും അണുമുക്തമാക്കണം.