ലോക്ക് ഡൗൺ കാലത്ത് വിശ്വാസികളുടെ പങ്കാളിത്തമില്ലാതെ ദക്ഷിണ ഫിലിപ്പീൻസിലെ ജോലോ അപ്പസ്തോലിക് വികാരിയേറ്റിന്റെ അധ്യക്ഷനായി മോൺ. ചാർലി ഇൻസോൺ സ്ഥാനമേറ്റെടുത്തു. കൊട്ടാബാറ്റോ ആർച്ച് ബിഷപ്പായ അഞ്ജലീറ്റോ ലംബോണ് സ്ഥാനാരോഹണത്തിന് നേതൃത്വം നൽകിയത്. പത്ത് പേരിലധികം, മതപരമായ പരിപാടികളിൽ ഒരുമിച്ച് പങ്കെടുക്കാൻ പാടില്ല എന്ന സർക്കാർ നിർദേശം മൂലം ഏതാനും പേരെ പങ്കെടുപ്പിച്ചു കൊണ്ട് കൊട്ടാബാറ്റോയിലെ അമലോൽഭവ മാതാവിന്റെ നാമധേയത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിലാണ് ചടങ്ങുകൾ നടന്നത്. നിയുക്ത മെത്രാന്റെ കുടുംബാംഗങ്ങളും, സുഹൃത്തുക്കളും വിശ്വാസികളും അടക്കമുള്ള നൂറുകണക്കിന് ആളുകള്‍ ഓൺലൈനിലൂടെ സ്ഥാനാരോഹണ ചടങ്ങ് വീക്ഷിച്ചു.

കൊട്ടാബാറ്റോ അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പായിരുന്ന കർദ്ദിനാൾ ഒർലാൻഡോ കുവേദോ, കിടാപ്പവൻ രൂപതയുടെ മെത്രാൻ ജോസ് കോളിൻ, മൂന്നു വൈദികർ, ഗായക സംഘത്തിലെ ഏതാനും ചിലർ തുടങ്ങിയവരാണ് ദേവാലയത്തിൽ ഉണ്ടായിരുന്നത്. താൻ സ്നേഹിക്കുന്നവർ തനിക്കുവേണ്ടി അകലെയിരുന്ന് ചടങ്ങുകൾ വീക്ഷിച്ച് പ്രാർത്ഥിക്കുന്നുണ്ടായിരുന്നുവെന്ന് ആർച്ച് ബിഷപ്പ് ചാർലി ഇൻസോൺ പറഞ്ഞു. ലാളിത്യത്തോടെ കൂടി നടത്തിയ ചടങ്ങിൽ ക്രിസ്തുവിന് കേന്ദ്രസ്ഥാനം കൊടുക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മെത്രാന്മാർ വിശ്വാസത്തിന്റെ കാര്യത്തിലും മൂല്യത്തിന്റെ കാര്യത്തിലും സമൂഹത്തിന് മാതൃകയായിരിക്കണമെന്ന് കർദ്ദിനാൾ ഒർലാൻഡോ കുവേദോ ഓർമിപ്പിച്ചു. വിശ്വാസികളെ വിശുദ്ധിയിലേക്ക് നയിക്കേണ്ടവരായതിനാൽ മെത്രാന്മാരും വിശുദ്ധരായിരിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏപ്രിൽ നാലാം തീയതിയാണ് മോണ്‍. ചാർലി ഇൻസോണിന് ഫ്രാൻസിസ് പാപ്പയുടെ നിയമന ഉത്തരവ് ലഭിക്കുന്നത്. ഒബ്ലേറ്റ് ഓഫ് മേരി ഇമ്മാക്കുലേറ്റ് എന്ന മിഷ്ണറി സഭയുടെ പ്രോവിൻഷ്യൽ സുപ്പീരിയർ പദവിയിൽ സേവനം ചെയ്തു വരികയായിരുന്നു അദ്ദേഹം. 1993ൽ പൗരോഹിത്യ പട്ടം സ്വീകരിച്ച ചാർലി ഇൻസോണിന് ദൈവശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും, മനശാസ്ത്രത്തിൽ ഡോക്ടറേറ്റുമുണ്ട്.