തിരുവനന്തപുരം : ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിച്ചാലും ജനങ്ങള്‍ കൊവിഡിനെതിരായ ജാ​ഗ്രത കൈവിടരുതെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. സംസ്ഥാനത്ത് രോ​ഗവ്യാപനം വളരെ കുറവാണ്. അത് നമ്മള്‍ സ്വീകരിച്ച ജാ​ഗ്രതയുടെ ഫലമാണ്. തുടര്‍ന്നും ജനങ്ങള്‍ സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

ലോക്ക്ഡൗണ്‍ സംബന്ധിച്ച പുതിയ മാര്‍​ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍ തന്നെ കേന്ദ്രം സംസ്ഥാനങ്ങളെ രേഖാമൂലം അറിയിക്കുമെന്നാണ് കരുതുന്നത്. അതിനു ശേഷം കൂടിയാലോചിച്ച്‌ നടപടികള്‍ തീരുമാനിക്കും. കാര്യമായ ബോധവല്‍ക്കരണം ഇക്കാര്യത്തില്‍ ആവശ്യമാണ്. അതുകൊണ്ടു തന്നെ വേണ്ട നടപടികള്‍ എന്തൊക്കെയാണെന്ന് ആലോചിച്ച ശേഷം സംസ്ഥാനം നിലപാട് വ്യക്തമാക്കും. ഇത്തരം കാര്യങ്ങളില്‍ നമ്മുടെ സംസ്ഥാനം വളരെ വേ​ഗം കാര്യങ്ങള്‍ നിരീക്ഷിച്ച്‌ തീരുമാനമെടുക്കും. അതുകൊണ്ടു തന്നെ സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനം എന്താണെന്ന് ഉടനെ തന്നെ അറിയാനാവും.

രാജ്യവ്യാപകമായി തീവ്രബാധിതമേഖലകളില്‍ മാത്രം ലോക്ക്ഡൗണ്‍ വീണ്ടും ഒരു മാസം കൂടി നീട്ടി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ജൂണ്‍ 30 വരെ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ അഥവാ ഹോട്ട്സ്പോട്ടുകളില്‍ മാത്രം കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്താനാണ് ലോക്ക്ഡൗണ്‍ ഉത്തരവില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. കണ്ടെയ്ന്‍മെന്‍റ് സോണുകളല്ലാത്ത പ്രദേശങ്ങളില്‍ ജൂണ്‍ 8-ന് ശേഷം, നിയന്ത്രണങ്ങളോടെ തുറന്ന് പ്രവര്‍ത്തിക്കാമെന്നും കേന്ദ്ര ഉത്തരവില്‍ പറയുന്നു.

ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍, റസ്റ്റാറന്‍റുകള്‍, മറ്റ് ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവ ജൂണ്‍ 8 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. കണ്ടെയ്ന്‍മെന്‍റ് സോണുകളല്ലാത്ത ഇടങ്ങളില്‍ മാത്രമാണ് ഈ ഇളവുകളുണ്ടാകുക. ആദ്യഘട്ടത്തിലാണ് ഈ ഇളവുകളുണ്ടാകുക.