ജെനീവ: കോവിഡ് വൈറസിന്റെ ഉത്ഭവം കണ്ടെത്തണമെന്ന ലോകാരോഗ്യ സംഘടനയുടേയും ലോകരാഷ്ട്രങ്ങളുടേയും ആവശ്യങ്ങള്‍ക്ക് മുന്നില്‍ ഒടുവില്‍ ചൈന സമ്മതംമൂളി. ലോകാരോഗ്യ സംഘടനയുടെ കോവിഡ് പ്രതികരണം ഫലപ്രദമായോ എന്ന് അന്വേഷിക്കാനായി രൂപീകരിച്ച ലോകരാജ്യങ്ങളുടെ സമിതിക്ക് മുന്‍പിലാണ് ചൈന മുട്ടുമടക്കിയത്. ലോകാരോഗ്യ അസംബ്ലിയുമായി ബന്ധപ്പെട്ട ചടങ്ങിനിടെ നടത്തിയ പ്രസംഗത്തിലാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് അന്വേഷണത്തിനുള്ള പിന്തുണയറിയിച്ചത്.

അതേസമയം, ലോകാരോഗ്യ സംഘടനയുടെ കൊവിഡ് പ്രതികരണം സംബന്ധിച്ചുള്ള അന്വേഷണത്തിന് പിന്തുണ അറിയിച്ച ഷി, പക്ഷെ അന്വേഷണം അനവസരത്തിലല്ലേ എന്ന സംശയവും പ്രകടിപ്പിച്ചു. കൊറോണ വൈറസിന്റെ ഉത്ഭവത്തെ കുറിച്ച്‌ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി യൂറോപ്യന്‍ യൂണിയന്‍ തയാറാക്കിയ പ്രമേയത്തില്‍ പിന്തുണ അറിയിച്ച്‌ ഇന്ത്യ ഉള്‍പ്പെടെയുള്ള 120ല്‍പരം രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു.

നാളെയാണ് പ്രമേയത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. ഇതാദ്യമായാണ് രോഗത്തിന്റെ ഉത്ഭവം സംബന്ധിച്ചുള്ള അന്വേഷണത്തിന് ചൈന സമ്മതമറിയിക്കുന്നത്. അമേരിക്ക, ആസ്ത്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ഇക്കാര്യം സംബന്ധിച്ച്‌ അന്വേഷണം നടത്തണമെന്ന ആവശ്യമുയര്‍ത്തിയിരുന്നുവെങ്കിലും ചൈന ഇതുവരെ അതിനു വഴങ്ങിയിരുന്നില്ല.