ലോകത്ത് കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 5,244 പേര്‍. പുതിയതായി 1.40 ലക്ഷം ആളുകള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ 214 രാജ്യങ്ങളിലായി 83.91 ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് കണ്ടെത്തിയത്. ഇതില്‍ 4.50 ലക്ഷം ആളുകള്‍ മരിക്കുകയും ചെയ്തു. രോഗമുക്തി നേടിയവരുടെ എണ്ണം 43.78 ആണ്. നിലവില്‍ 35.61 ലക്ഷം പേരാണ് ചികിത്സയിലുളളത്. ഇന്നലെ ഏറ്റവുമധികം മരണങ്ങള്‍ നടന്നത് ബ്രസീല്‍, അമേരിക്ക, മെക്‌സിക്കോ, ഇന്ത്യ, ചിലി എന്നി രാജ്യങ്ങളിലാണ്.

ബ്രസീലില്‍ 1,209 പേരാണ് 24 മണിക്കൂറില്‍ മരിച്ചത്. പുതിയതായി 31,475 പേര്‍ക്ക് കൂടി കൊവിഡ് കണ്ടെത്തി. ഇതോടെ ആകെ രോഗികളുടെ എണ്ണം 9.60 ലക്ഷമായി. 46,665 പേരാണ് ബ്രസീലില്‍ ഇതുവരെ മരണമടഞ്ഞത്. ലോകത്ത് ഏറ്റവുമധികം രോഗബാധിതരും മരണങ്ങളും നടന്ന അമേരിക്കയില്‍ ഇന്നലെ 803 പേരാണ് മരിച്ചത്. പുതിയതായി 24,929 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അമേരിക്കയിലെ ആകെ രോഗബാധിതരുടെ എണ്ണം 22.33 ലക്ഷമാണ്. 1.19 ലക്ഷം പേര്‍ ഇതുവരെ മരിച്ചു. 9.12 ലക്ഷമാളുകള്‍ രോഗമുക്തി നേടിയപ്പോള്‍ 12 ലക്ഷം പേര്‍ ഇപ്പോഴും ചികിത്സയിലുണ്ട് അമേരിക്കയില്‍.

മെക്‌സിക്കോയില്‍ 730, ഇന്ത്യയില്‍ 341, പെറുവില്‍ 201, ചിലിയില്‍ 232, റഷ്യയില്‍ 194, യുകെയില്‍ 184, ഇറാനില്‍ 120, പാകിസ്ഥാനില്‍ 136 എന്നിങ്ങനെയാണ് കഴിഞ്ഞ 24 മണിക്കൂറില്‍ വിവിധ രാജ്യങ്ങളിലെ മരണങ്ങള്‍. സ്‌പെയിന്‍, ചൈന എന്നി രാജ്യങ്ങളില്‍ ഇന്നലെയും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്‌പെയിനില്‍ 355 പേര്‍ക്കും ചൈനയില്‍ 44 പേര്‍ക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.അമേരിക്ക, ബ്രസീല്‍ എന്നി രാജ്യങ്ങള്‍ കഴിഞ്ഞാല്‍ റഷ്യയില്‍ 5.53 ലക്ഷം, ഇന്ത്യയില്‍ 3.67 ലക്ഷം, യുകെയില്‍ 2.99 ലക്ഷം, സ്‌പെയിനില്‍ 2.91 ലക്ഷം, പെറുവില്‍ 2.40 ലക്ഷം, ഇറ്റലിയില്‍ 2.37 ലക്ഷം, ഇറാനില്‍ 1.95 ലക്ഷം, ജര്‍മ്മനിയില്‍ 1.90 ലക്ഷം എന്നിങ്ങനെയാണ് കൊവിഡ് ബാധിതരുടെ എണ്ണം.

ഗള്‍ഫ് രാജ്യങ്ങളില്‍ സൗദി അറേബ്യയില്‍ ഇന്നലെ 39 പേര്‍ മരിക്കുകയും 4,919 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. 1.41 ലക്ഷം പേര്‍ക്കാണ് സൗദിയില്‍ ഇതുവരെ രോഗം കണ്ടെത്തിയത്. ഇതില്‍ 1,091 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 91,662 ആണ്. ഖത്തര്‍, യുഎഇ എന്നി രാജ്യങ്ങളില്‍ ഇന്നലെ രണ്ടുപേര്‍ മാത്രമാണ് മരിച്ചത്. 83,174 പേര്‍ക്ക് കൊവിഡ് കണ്ടെത്തിയ ഖത്തറില്‍ ഇതുവരെ 82 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 43,364 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച യുഎഇയില്‍ 295 പേര്‍ മരിച്ചു. മറ്റൊരു ഗള്‍ഫ് രാജ്യമായ കുവൈത്തില്‍ ഇന്നലെ മൂന്നു മരണമാണ് കൊവിഡിനെ തുടര്‍ന്ന് ഉണ്ടായത്. ആകെ മരണം 306. ഇതുവരെ 37,533 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഒമാനിലും ബഹ്‌റൈനിലും ഇന്നലെ രണ്ടുപേര്‍ മാത്രമാണ് മരിച്ചത്. ഒമാനില്‍ 26,079 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഇതില്‍ 116 പേര്‍ മരിച്ചു. ബഹ്‌റൈനില്‍ 19,961 രോഗബാധിതരുണ്ടെന്നാണ് വിവരം. 49 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.