കണ്ണൂര്‍: ലക്ഷദ്വീപ് വിഷയത്തില്‍ പ്രമേയം പാസാക്കാന്‍ കേരളത്തിന് എന്ത് അധികാരം ആണുള്ളതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ചോദിച്ചു. അപക്വമായ നടപടികളാണു നിയമസഭയില്‍ നടക്കുന്നതെന്നും നിയമസഭയെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുകയാണെന്നും കെ. സുരേന്ദ്രന് ആരോപിച്ചു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ തിരികെ വിളിക്കണമെന്ന പ്രമേയം കേരള നിയമസഭയില്‍ അവതരിപ്പിച്ച സര്‍ക്കാര്‍ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭയെ ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത് ശരിയല്ല. ലക്ഷദ്വീപിലെ ജനങ്ങള്‍ക്കു പരാതിയുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെയോ കോടതിയെയോ സമീപിക്കാമെന്നും കണ്ണൂര്‍ വിമാനത്താവളത്തില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് കെ. സുരേന്ദ്രന് പറഞ്ഞു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെതിരായ പ്രമേയമാണ് ഇന്നു രാവിലെ കേരള നിയമസഭ പാസാക്കിയത്. പ്രഫുല്‍ പട്ടേലിനെ ഉത്തരവാദിത്തങ്ങളില്‍നിന്ന് നീക്കം ചെയ്യണമെന്നും ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവനവും സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നുമാണ് പ്രമേയത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെയും അവിടത്തെ ജനങ്ങളുടെയും സവിശേഷതകള്‍ സംരക്ഷിക്കുന്നു എന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനുണ്ടെന്ന് പ്രമേയത്തില്‍ പറയുന്നു. ലക്ഷദ്വീപ് ജനതയുടെ തനതായ ജീവിത രീതികളെ ഇല്ലാതാക്കി കാവി അജണ്ടകളും കോര്‍പറേറ്റ് താല്പര്യങ്ങളും അടിച്ചേല്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ അവിടെ നടന്നുകൊണ്ടിരിക്കുന്നതെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
പൗരത്വ ഭേദഗതി ബില്ലിനെതിരായി ദ്വീപില്‍ നേരത്തെ സ്ഥാപിച്ചിരുന്ന ബാനറുകള്‍ എടുത്തുമാറ്റുകയും എഴുതിയവരെ അറസ്റ്റ് ചെയ്യുന്നതിനുമുള്ള നടപടികളും ലക്ഷദ്വീപിലുണ്ടായി. പൊതുവേ സമാധാനപരമായി ജീവിക്കുകയും അതിഥികളെ സ്നേഹവായ്പുകൊണ്ട് വീര്‍പ്പുമുട്ടിക്കുകയും ചെയ്യുന്ന രീതിയാണ് ലക്ഷദ്വീപിലെ ജനത സാധാരണ നിലയ്ക്ക് സ്വീകരിക്കുന്നത്.
കുറ്റകൃത്യങ്ങള്‍ അത്യപൂര്‍വമായി തീര്‍ന്ന ലക്ഷദ്വീപില്‍ ഗുണ്ടാ ആക്ട് കൊണ്ടുവരുന്നതിനുള്ള നടപടിയും സ്വീകരിച്ചു കഴിഞ്ഞു. ഇത്തരത്തില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരുമ്ബോള്‍ അതിനെ നേരിടാന്‍ മുന്‍കൂട്ടിയുള്ള തയ്യാറെടുപ്പും നടത്തിക്കൊണ്ടാണ് ഇത്തരം നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു.
ജനങ്ങളുടെ ഉപജീവനത്തിന് അടിസ്ഥാനമായി നില്ക്കുന്ന മത്സ്യബന്ധനത്തെ തകര്‍ക്കുന്ന നടപടിയും സ്വീകരിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും പ്രമേയം കുറ്റപ്പെടുത്തി. മത്സ്യത്തൊഴിലാളികളുടെ ബോട്ടും വലയും സൂക്ഷിക്കുന്ന കൂടാരങ്ങള്‍ തന്നെ തകര്‍ത്തിരിക്കുന്നു. ജനങ്ങളുടെ സ്വാഭാവികമായ ഭക്ഷണരീതിയില്‍ പ്രധാനമായി നില്ക്കുന്ന ഗോമാംസം തന്നെ ഇല്ലാതാക്കാനുള്ള നടപടികളും സ്വീകരിക്കുകയാണ്. ഗോവധ നിരോധനം എന്ന സംഘപരിവാര്‍ അജണ്ട പിന്‍വാതിലിലൂടെ നടപ്പാക്കുകയാണ്. ഗോവധവും ഗോമാംസവും നിരോധിക്കാനും ഒപ്പം ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനുമുള്ള നടപടികളും മുന്നോട്ടുവെക്കുകയാണ്. ഇത്തരത്തില്‍ ഒരു ജനതയുടെ ജീവിതത്തെയും സംസ്കാരത്തെയും ഇഞ്ചിഞ്ചായി ഇല്ലാതാക്കുന്ന നടപടികള്‍ക്കാണ് ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ നേതൃത്വം നല്‍കുന്നതെന്നും പ്രമേയം പറയുന്നു.
ഓരോ മൂന്നുവര്‍ഷം കൂടുമ്ബോഴും ഭൂമിയുടെയും കെട്ടിടത്തിന്റെയും ഉടമസ്ഥാവകാശം പുതുക്കണമെന്ന നിര്‍ദേശവും വന്നുകഴിഞ്ഞു. ഇതിനു വീഴ്ച വന്നാല്‍ രണ്ടുലക്ഷം രൂപ പിഴയൊടുക്കുകയും ഓരോദിവസം ഇരുപതിനായിരം രൂപ പിഴയൊടുക്കുകയും ചെയ്യണമെന്ന നിര്‍ദേശവും വന്നുകഴിഞ്ഞു. നൂറ്റാണ്ടുകളായി പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന നാടുകളാണ് കേരളവും ലക്ഷദ്വീപും. ബ്രിട്ടീഷ് അധിനിവേശത്തിനു മുന്‍പ് പല ദ്വീപുകളും ഭരണപരമായി കണ്ണൂരിലെ അറയ്ക്കല്‍ രാജവംശത്തിനു കീഴിലായിരുന്നു. 1956 നവംബര്‍ ഒന്നുവരെ ലക്ഷദ്വീപ് അന്നത്തെ മലബാര്‍ ജില്ലയുടെ ഭാഗവുമായിരുന്നു. കേരളവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ജീവിതക്രമവും സാംസ്കാരികരീതിയുമാണ് ലക്ഷദ്വീപിനുള്ളത്.



