തിരുവനന്തപുരം: റിമാന്‍ഡ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് സ്റ്റേഷനിലെ 20 പൊലീസുകാരെ നിരീക്ഷണത്തിലാക്കി. വെഞ്ഞാറമൂട് സ്റ്റേഷനിലെ സി.ഐയെയും ജില്ലാ ജയിലിലെ ഉദ്യോഗസ്ഥരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച റിമാന്‍ഡ് പ്രതിയെ ജയിലിലെ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റി.
റിമാന്‍ഡിലായ പ്രതിയെ ജയിലിലേക്ക് അയയ്ക്കുന്നതിന് മുന്‍പുള്ള പരിശോധനയിലാണ് കോവിഡ് പോസിറ്റീവാണെന്നു കണ്ടെത്തിയത്. അതേസമയം ഇയാള്‍ക്ക് വൈറസ് ബാധയുണ്ടായത് എങ്ങനെയെന്നു വ്യക്തമല്ല. മദ്യപിച്ച് വാഹനം ഓടിച്ചതിനും അക്രമം കാട്ടിയതിനും മദ്യം സൂക്ഷിച്ചതിനുമാണ് ദേവസ്വം ബോര്‍ഡ് ജീവനക്കാരന് കൂടിയായ ഇയാളെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. പൂജപ്പുരയിലുള്ള സ്പെഷല്‍ സബ് ജയിലിലെ പന്ത്രണ്ടോളം ഉദ്യോഗസ്ഥരോടും നിരീക്ഷണത്തില്‍ പോകാന്‍ പറഞ്ഞിട്ടുണ്ട്. പ്രതിയെ ജയിലില്‍ എത്തിച്ചപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോടാണ് നിരീക്ഷണത്തില്‍ പോകാന്‍ പറഞ്ഞിരിക്കുന്നത്. ഇയാളോടൊപ്പം ജയിലിലെ നിരീക്ഷണ കേന്ദ്രത്തില്‍ ഉണ്ടായിരുന്ന മറ്റ് 14 പേരെയും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും.