ന്യൂഡല്‍ഹി: വനിതാ ഹോക്കി ടീം നായിക റാണി രാംപാലിനെയും ടേബിള്‍ ടെന്നീസ്‌ താരം മണിക ബത്രയെയും രാജ്യത്തെ പരമോന്നത കായിക ബഹുമതി രാജീവ്‌ ഗാന്ധി ഖേല്‍രത്നയ്‌ക്കു ശിപാര്‍ശ ചെയ്‌തു.
റാണി രാംപാലിന്റെ സഹതാരങ്ങളായ വന്ദന കതാരിയ, മോണിക, ഹര്‍മന്‍പ്രീത്‌ സിങ്‌ എന്നിവരെ അര്‍ജുന പുരസ്‌കാരത്തിനും ശിപാര്‍ശ ചെയ്‌തതായി ഹോക്കി ഇന്ത്യ അറിയിച്ചു. പുരുഷ ടീം മുന്‍ താരങ്ങളായ തുഷാര്‍ ഖാണ്ഡേക്കര്‍, ആര്‍.പി. സിങ്‌ എന്നിവരെ മേജര്‍ ധ്യാന്‍ചന്ദ്‌ പുരസ്‌കാരത്തിനും കോച്ചുമാരായ ബി.ജെ. കരിയപ്പ, റൊമേഷ്‌ പതാനിയ എന്നിവരെ ദ്രോണാചാര്യ പുരസ്‌കാരത്തിനും ശിപാര്‍ശ ചെയ്‌തു. 2016 ജനുവരി ഒന്നു മുതല്‍ 2019 ഡിസംബര്‍ 31 വരെയുള്ള പ്രകടനമാണു ഖേല്‍രത്നയ്‌ക്കു പരിഗണിക്കുന്നത്‌. റാണി രാംപാലിന്റെ നേതൃത്വത്തില്‍ ഇന്ത്യ 2017 ലെ വനിതാ ഏഷ്യാ കപ്പില്‍ ജേതാക്കളായി.
2018 ലെ ഏഷ്യന്‍ ഗെയിംസില്‍ വെള്ളിയും നേടി. വനിതാ ടീം ടോക്കിയോ ഒളിമ്ബിക്‌സിന്‌ യോഗ്യത നേടിയതും റാണി രാംപാലിന്റെ നേതൃമികവിലാണ്‌. ടേബിള്‍ ടെന്നീസ്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ മണിക ബത്രയെ കഴിഞ്ഞ വര്‍ഷവും ഖേല്‍രത്നയ്‌ക്കു ശിപാര്‍ശ ചെയ്‌തിരുന്നു. കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ സ്വര്‍ണം നേടുന്ന ആദ്യ ടേബിള്‍ ടെന്നീസ്‌ താരമാണ്‌. 2018 ലെ കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ രണ്ടു സ്വര്‍ണം ഉള്‍പ്പെടെ നാലു മെഡലുകള്‍ നേടാന്‍ ബത്രയ്‌ക്കായി. അതേ വര്‍ഷം ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ അചന്ത ശരത്‌ കമാലിനൊപ്പം മിക്‌സഡ്‌ ഡബിള്‍സില്‍ വെങ്കലം നേടി ചരിത്രം കുറിച്ചു.
വെറ്ററന്‍ താരം മധുരിക പട്‌നാകര്‍, മാനവ്‌ താക്കര്‍, സുചിത്ര മുഖര്‍ജി എന്നിവരെ അര്‍ജുനയ്‌ക്കു ശിപാര്‍ശ ചെയ്‌തതായി ടി.ടി.എഫ്‌.ഐ. സെക്രട്ടറി ജനറല്‍ എം.പി. സിങ്‌ പറഞ്ഞു. കോച്ചുമാരായ ജയന്ത പുഷിലാല്‍, എസ്‌. രാമന്‍ എന്നിവരെ ദ്രോണാചാര്യ പുരസ്‌കാരത്തിനും ശിപാര്‍ശ ചെയ്‌തു. വിവിധ കായിക ഫെഡറേഷനുകളില്‍നിന്നു ലഭിക്കുന്ന ശിപാര്‍ശകള്‍ കേന്ദ്ര കായിക മന്ത്രാലയത്തിന്റെ പാനല്‍ പരിശോധിച്ച്‌ അന്തിമ പട്ടിക പുറത്തിറക്കും. ദേശീയ കായിക ദിനമായ ഓഗസ്‌റ്റ് 29 നാണു പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുക.