ന്യൂഡെല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടണമെന്നാവശ്യപ്പെട്ട് ഏഴു സംസ്ഥാനങ്ങള്‍ രംഗത്തെത്തി. മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, അസം, തെലങ്കാന, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ് എന്നീ ഏഴ് സംസ്ഥാനങ്ങളാണ് അടച്ചുപൂട്ടല്‍ നീട്ടണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്.

രാജ്യത്ത് കൂടുതല്‍ കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും സമൂഹവ്യാപനത്തിലേക്ക് വൈറസ് വ്യാപനം പോകുന്നുണ്ടോയെന്ന ആശങ്കയുമാണ് ലോക്ക് ഡൗണ്‍ നീട്ടണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യത്തിന് പിന്നില്‍.

ലോക്ക് ഡൗണില്‍ ഒറ്റയടിക്ക് ഇളവ് വരുത്തിയാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍ അവസാനിക്കുന്ന ഏപ്രില്‍ 14ന് ശേഷവും നിയന്ത്രണങ്ങള്‍ തുടരണമെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടത്. അന്തര്‍സംസ്ഥാന യാത്ര നിരോധിക്കണമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച മന്ത്രിസഭ ഉപസമിതി യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ സംസ്ഥാനങ്ങള്‍ ഉന്നയിച്ച വിഷയം ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.