ന്യൂഡല്‍ഹി: രാജ്യത്ത് നാലാം ഘട്ട ലോക്ക് ഡൗണ്‍ സംബന്ധിച്ച് പ്രഖ്യാപനം മെയ് 17 ന് മുന്‍പ് ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഡിപിയുടെ പത്ത് ശതമാനമായ 20 ലക്ഷം കോടി രൂപ കൊവിഡിനെ തുടര്‍ന്നുള്ള സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കാനായി സാമ്ബത്തിക പാക്കേജും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
ലോക്ക്ഡൗണ്‍ നാലാംഘട്ടം എങ്ങനെ വേണം എന്നത് മെയ് 17-ന് മുമ്ബേ തന്നെ പ്രഖ്യാപനമുണ്ടാകും. സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശം കൂടി കണക്കിലെടുത്താവും പ്രഖ്യാപനമെന്നും മോദി വ്യക്തമാക്കി. നിയമം പാലിച്ചുകൊണ്ടുതന്നെ കൊവിഡുമായി പോരാടും, മുന്നോട്ടു നീങ്ങും. സ്വയംപര്യാപ്തതയുടെ ഈ പദ്ധതി 130 കോടി ഇന്ത്യക്കാരുടെ ജീവനാണ്. ഇത് പുതിയ കാലഘട്ടത്തിന്‍റെ തുടക്കമാണ്. പുതിയ ഈ പദ്ധതിയുടെ ചുമലിലേറി മുന്നോട്ട് പോകാമെന്നും മോദി പറഞ്ഞു.