- ഡോ. ജോര്‍ജ് എം. കാക്കനാട്ട്
ഹ്യൂസ്റ്റണ്‍: മഹാമാരിയുടെ മരണസംഖ്യ അമേരിക്കയില്‍ ഒരു ലക്ഷം വരെയാകുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആഴ്ചകള്‍ക്കുമുമ്പ് അദ്ദേഹം പ്രവചിച്ചതിനേക്കാള്‍ വളരെ ഉയര്‍ന്ന സംഖ്യയാണിത്. അടച്ചുപൂട്ടിയ സമ്പദ്വ്യവസ്ഥ വീണ്ടും തുറക്കാന്‍ സംസ്ഥാനങ്ങളെ സമ്മര്‍ദ്ദത്തിലാക്കിയപ്പോഴും, 60,000 ജീവന് നഷ്ടപ്പെടുമെന്നായിരുന്നു അദ്ദേഹം പ്രവചിച്ചിരുന്നത്. ഇപ്പോള്‍ മരണസംഖ്യ അതിലും എണ്ണായിരം വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം പ്രതീക്ഷിച്ചതിലും കൂടുതല്‍ വിനാശകരമായി വൈറസ് മാറിയെന്നു സമ്മതിച്ച പ്രസിഡന്റ് കൂടുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംസ്ഥാന നടപടികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു.
അതേസമയം തന്നെ സാമൂഹിക അകലം പാലിച്ചു കൊണ്ടു പാര്‍ക്കുകളും ബീച്ചുകളും വീണ്ടും തുറക്കാന്‍ ആരംഭിക്കണമെന്നും സ്കൂളുകളില്‍ ക്ലാസുകള്‍ പുനരാരംഭിക്കണമെന്നും അദ്ദേഹം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ജനുവരി 23 ന് നടത്തിയ പതിവ് ഇന്റലിജന്‍സ് ബ്രീഫിംഗില്‍ കൊറോണ വൈറസിനെക്കുറിച്ച് തനിക്ക് മുന്നറിയിപ്പ് ലഭിച്ചതായി അദ്ദേഹം സമ്മതിച്ചെങ്കിലും ഇത് ഒരു വലിയ കാര്യമല്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അന്നു മുന്നറിയിപ്പുകള്‍ ശക്തമാക്കി രാജ്യം അടച്ചിരുന്നുവെങ്കില്‍ ഇത്രയും ജീവനുകള്‍ ബലി കൊടുക്കേണ്ടി വരുമായിരുന്നില്ലെന്നാണ് പലരും വിമര്‍ശിക്കുന്നത്. ന്യൂയോര്‍ക്ക് സിറ്റിയില്‍ മാത്രം ഇതുവരെ പതിനെണ്ണായിരത്തില്‍ പരം ആളുകള്‍ക്കാണ് കോവിഡ് 19 മൂലം ജീവന് നഷ്ടപ്പെട്ടത്.
കൊറോണ വൈറസില്‍ നിന്നും അമേരിക്ക ഉയിര്ത്തെഴുന്നേല്ക്കുന്നതിന്റെ സൂചനകള്‍ പ്രകടമായി തുടങ്ങി. കോവിഡ് 19-ന്റെ പ്രഭവ കേന്ദ്രമായ ന്യൂയോര്‍ക്ക്, ന്യൂജേഴ്സി സംസ്ഥാനങ്ങളൊഴികെയുള്ള മറ്റു സംസ്ഥാനങ്ങളില്‍ കാര്യമായ ഇളവുകള്‍ നിലവില്‍ വന്നു. സാമൂഹിക അകലം പാലിക്കണമെന്നും ഫേസ് മാസ്ക്കുകള്‍ ധരിക്കണമെന്നുമാണ് മിക്കയിടത്തും ആവശ്യം. നിരത്തുകള്‍ സജീവമാകാന്‍ തുടങ്ങിയിട്ടുണ്ട്. പലേടത്തും റെസ്റ്ററന്റുകളടക്കമുള്ളവ തുറന്നു. ടെക്സസില്‍ തുറന്ന സിനിമാ തീയേറ്ററുകളില്‍ ഷോയ്ക്ക് പ്രേക്ഷകരെത്തുന്നതായാണ് റിപ്പോര്‍ട്ട്. രാജ്യത്ത് എല്ലായിടത്തും ഗ്രോസറി മാര്‍ക്കറ്റുകളില്‍ തിരക്ക് അനുഭവപ്പെടുന്നുണ്ട്. മിക്ക സംസ്ഥാനങ്ങളിലും അവശ്യവസ്തുക്കള്ക്കൊന്നും തന്നെ ക്ഷാമം അനുഭവപ്പെട്ടിരുന്നില്ല. തൊഴിലില്ലായ്മ രൂക്ഷമായതൊഴികെ കാര്യമായ സാമ്പത്തിക പ്രതിസന്ധിയും താഴെ തട്ടിലേക്ക് എത്തിയിട്ടില്ല.
രാജ്യത്ത് ഉടനീളം നല്ല കാലാവസ്ഥയായതിനാല്‍ പലരും പുറത്തേക്ക് ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. സ്റ്റേ അറ്റ് ഹോം ഉത്തരവുകള്‍ മിക്ക സംസ്ഥാനത്തും അവസാനിച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ തുടരുമെങ്കിലും കാര്യമായ ഇളവുകള്‍ പ്രയോജനപ്പെടുത്താനാണ് പലരും തയ്യാറെടുക്കുന്നത്. ആഭ്യന്തര വിമാനസര്‍വ്വീസുകളിലും തിരക്കേറിയിട്ടുണ്ട്. ന്യൂയോര്‍ക്കിലെയും ന്യൂജേഴ്സിയിലെയും തെരഞ്ഞെടുത്ത പാര്‍ക്കുകള്‍ കഴിഞ്ഞദിവസം തുറന്നു. ഇവിടങ്ങളില്‍ പോലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ആശുപത്രികളിലേക്കുള്ള കോവിഡ് 19 രോഗികളുടെ പ്രവാഹത്തില്‍ കാര്യമായ കുറവുണ്ട്. നേഴ്സിങ് ഹോമുകളില്‍ പരിശോധനകള്‍ നടക്കാനിരിക്കെ പലേടത്തു നിന്നും കൂടുതല്‍ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതിനെടുത്ത കാലതാമസമാണ് മരണസംഖ്യയില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയതെന്ന് ദേശീയ ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്ത് ഇപ്പോള്‍ 68,609 പേരാണ് മരിച്ചിട്ടുള്ളത്. 1,189,024 രോഗബാധിതരായിട്ടുണ്ട്. ഇതില്‍ 16,139 ഗുരുതരാവസ്ഥയില്‍ കഴിയുന്നു. എന്നാല്‍ ഇതില്‍ പലരും വെന്റിലേറ്ററിനു പുറത്താണെന്ന റിപ്പോര്‍ട്ടുമുണ്ട്.
കൊറോണ വൈറസ് പാന്‍ഡെമിക് അക്കാദമിക് വര്‍ഷത്തെ ബാധിക്കുമോയെന്നതാണ് ഇപ്പോള്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും നോക്കുന്നത്. ന്യൂയോര്‍ക്ക് സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചപ്പോള്‍ ന്യൂജേഴ്സിയില്‍ വൈകാതെ തീരുമാനിക്കുമെന്നാണ് സൂചന. ന്യൂജേഴ്സിയുടെ അതിര്‍ത്തി സംസ്ഥാനങ്ങളായ ഡെലവെയര്‍, ന്യൂയോര്‍ക്ക്, പെന്‍സില്‍വാനിയ എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ സ്കൂളുകള്‍ അധ്യയന വര്‍ഷം പുനക്രമീകരിക്കുകയാണെന്നു പ്രസ്താവിച്ചു. പലേടത്തും ഓണ്‍ലൈന്‍ പഠനം പുരോഗമിക്കുന്നുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ മാള്‍ ഉടമകളിലൊന്നായ സൈമണ്‍ പ്രോപ്പര്‍ട്ടി ഗ്രൂപ്പ്, പത്തു സംസ്ഥാനങ്ങളിലായി 82 പ്രോപ്പര്‍ട്ടികള്‍ വീണ്ടും തുറക്കുന്നതിനുള്ള പ്രക്രിയ ആരംഭിച്ചിട്ടുണ്ട്. ഗ്ലൗസെസ്റ്റര്‍ പ്രീമിയം ഔട്ട്ലെറ്റുകള്, ക്വേക്കര്‍ ബ്രിഡ്ജ്, മെന്‍ലോ പാര്‍ക്ക് മാളുകള്‍ എന്നിവയുള്‍പ്പെടെയാണിത്. രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് പ്യൂര്‍ട്ടോ റിക്കോയില്‍ മാത്രം 200 മാളുകളുണ്ട്. സുരക്ഷിതമായ അകലം കാണിക്കുന്നതിനുള്ള മാള്‍ നിലകളിലെ ഡെക്കലുകള്‍, പ്രവേശന കവാടവും എക്സിറ്റ് വാതിലുകളും വേര്‍തിരിക്കുക, എല്ലാ ജീവനക്കാരും ഉപഭോക്താക്കളും ഫെയ്സ് മാസ്കുകള്‍ ധരിക്കണമെന്നു പ്രോത്സാഹിപ്പിക്കാനും കമ്പനി പറയുന്നു.