ഇടുക്കി: മൂന്നാര്‍ രാജമലയിലെ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്ന് പേരുടെ കൂടി മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതോടെ മരണപ്പെട്ടവരുടെ എണ്ണം 42 ആയി ഉയര്‍ന്നു. ഇന്ന് മാത്രം 16 പേരുടെ മൃതദേഹങ്ങളാണ് രാജമലയില്‍ നിന്ന് കണ്ടെത്തിയത്.
ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചാണ് നിലവില്‍ തിരച്ചില്‍ നടത്തുന്നത്. ഇനിയും 28 പേരെ കൂടിയാണ് കണ്ടെത്താനുള്ളത്. ചിലര്‍ പെട്ടിമുടിപ്പുഴയില്‍ ഒഴുകിപ്പോയിരിക്കാമെന്നും സംശയമുണ്ട്. ശനിയാഴ്ച 26 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു.
കേന്ദ്രമന്ത്രി വി.മുരളീധരന്‍, വനംമന്ത്രി കെ.രാജു, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഷാഫി പറമ്ബില്‍ എംഎല്‍എ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തുടങ്ങിയവര്‍ ദുരന്തസ്ഥലം സന്ദര്‍ശിച്ചു. മണ്ണിനടിയില്‍ പെട്ടവര്‍ക്കു വേണ്ടി എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്. പത്ത് ഹിറ്റാച്ചികള്‍ ഉപയോഗിച്ച് മണ്ണും കല്ലും നീക്കുന്നുണ്ട്. മൂന്നു ദിവസം കൂടി തരിച്ചില്‍ നടത്തുമെന്നാണ് എന്‍ഡിആര്‍എഫ് അറിയിച്ചിട്ടുള്ളത്.