യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി (ഇഎംഎ) സെര്‍വറിലുണ്ടായ സൈബര്‍ ആക്രമണത്തില്‍ കോവിഡ് വാക്‌സിന്‍ സംബന്ധിച്ച രേഖകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി ഫൈസര്‍-ബയോടെക്. വാക്‌സിന്‍ ഉപയോഗത്തിന് അനുമതി തേടിയാണ് നിര്‍ണായക രേഖകള്‍ ഇഎംഎയ്ക്ക് സമര്‍പ്പിച്ചത്. ഇക്കാര്യത്തില്‍ ആഴ്ചകള്‍ക്കുള്ളില്‍ അന്തിമ തീരുമാനം വരാനിരിക്കെയാണ് രേഖകള്‍ നിയമവിരുദ്ധമായി ചോര്‍ത്തിയിരിക്കുന്നത്. അതേസമയം, വാക്‌സിന് അനുമതി നല്‍കുന്നതിനെ ഇതൊന്നും ബാധിക്കില്ലെന്ന് ഇഎംഎ അറിയിച്ചതായും ഫൈസര്‍-ബയോടെക് പ്രസ്താവനയില്‍ വ്യക്തമാക്കി.

രണ്ട് കോവിഡ് വാക്‌സിനുകള്‍ക്ക് പ്രത്യേക അനുമതി നല്‍കാനുള്ള നടപടിക്രമങ്ങള്‍ക്കിടെ സൈബര്‍ ആക്രമണം ഉണ്ടായിട്ടുണ്ടെന്ന് ഇഎംഎയും വെബ്‌സൈറ്റില്‍ അറിയിച്ചു. അതേസമയം, ഏതു തരത്തിലുള്ള ഹാക്കിങ്ങാണ് നടന്നിരിക്കുന്നതെന്ന കാര്യം വിശദീകരിച്ചിട്ടില്ല. സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഡിസംബര്‍ 29നകം നടക്കുന്ന അവലോകന യോഗത്തില്‍ വാക്‌സിന് സോപാധിക അംഗീകാരം നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ഏജന്‍സി അറിയിച്ചു. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയ മരുന്നുകളുടെ സുരക്ഷ, ഗുണനിലവാര പരിശോധനയ്ക്കും അംഗീകാരത്തിനുമായി കമ്ബനികള്‍ സമര്‍പ്പിക്കുന്ന ഗവേഷണ രേഖകള്‍ അവരുടെ സെര്‍വറുകളില്‍നിന്ന് സ്വീകരിക്കാന്‍ യൂറോപ്യന്‍ യൂണിയന്റെ ഡ്രഗ് റെഗുലേറ്റര്‍ എന്ന നിലയില്‍ ഇഎംഎയ്ക്ക് അധികാരമുണ്ട്.

കോവിഡ് വാക്‌സിന്‍ ഗവേഷണങ്ങള്‍ക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ഹാക്കിംഗ് ഉള്‍പ്പെടെ സൈബര്‍ ആക്രമണം ഉണ്ടായേക്കാമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നു. വിജയകരമായ വാക്‌സിന്‍ വിജയിപ്പിക്കാന്‍ ശ്രമിക്കുന്ന സംഘടനകളെ റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ലക്ഷ്യമിടുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രണ്ടുമാസം മുമ്ബ് ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയും സൈബര്‍ ആക്രമണത്തിന് ഇരയായിരുന്നു. വാക്‌സിന്‍ സംഭരണത്തിന് ഉപയോഗിക്കുന്ന കോര്‍ഡ് സ്‌റ്റോറേജ് സപ്ലൈ ചെയിന്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ സൈബര്‍ ആക്രമണം നേരിട്ടുണ്ടെന്ന് ഐബിഎം വ്യക്തമാക്കിയിരുന്നു.