അബുദാബി: കടുത്ത വേനലില്‍ ചുട്ടുപൊള്ളുന്ന യുഎഇയില്‍ ഇന്നലെ രേഖപ്പെടുത്തിയത് റെക്കോഡ് താപനില. 49.9 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ഇന്നലെ വെള്ളിയാഴ്ച അനുഭവപ്പെട്ടത്. ഈ വേനല്‍ക്കാലത്ത് അനുഭവപ്പെട്ടതില്‍ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3:15ന്, അല്‍ ദഫ്ര മേഖലയിലെ മെസൈറയിലാണ് ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) എക്സില്‍ നല്‍കിയ ഒരു പോസ്റ്റില്‍ പറഞ്ഞു.

ജ്യോതിശാസ്ത്രവും ബഹിരാകാശ ശാസ്ത്രവും പറയുന്നതനുസരിച്ച്, 14 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദിവസമായ വേനല്‍ക്കാല അറുതിയായിരുന്നു യുഎഇയിലെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച. ജൂണ്‍ മൂന്നാം വാരത്തില്‍ രാജ്യം ‘ജ്യോതിശാസ്ത്ര വേനല്‍’ എന്നറിയപ്പെടുന്ന പ്രതിഭാസത്തിലേക്ക് മാറി.

ഭൂമിയുടെ ധ്രുവങ്ങളിലൊന്ന് സൂര്യനോട് ഏറ്റവും അടുത്ത് ചരിഞ്ഞിരിക്കുന്ന വേനല്‍ അറുതിയോടെയാണ് സീസണ്‍ ആരംഭിക്കുന്നത്. യുഎഇയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദിവസമായിരുന്നു ഇത്. അതേസമയം, ഇന്ന് ശനിയാഴ്ച ഗാസ്യൗറയിലും അല്‍ ക്വാവയിലും താപനില 50 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും എന്‍സിഎം അറിയിച്ചു. എന്നാല്‍ ഇന്ന് ശനിയാഴ്ച യുഎഇയുടെ ചില ഭാഗങ്ങളില്‍ മേഘാവൃതമാവുമെന്നും മഴയ്ക്കു സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. ഇന്ന് ഉച്ചയോടെ കിഴക്കന്‍ പ്രദേശങ്ങളില്‍ കൂടുതല്‍ മേഘങ്ങള്‍ പ്രത്യക്ഷപ്പെടും.

തീരപ്രദേശങ്ങളില്‍ ഇന്ന് രാത്രിയിലും ഞായറാഴ്ച രാവിലെയും ഈര്‍പ്പമുള്ളതായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. രാജ്യത്തെ ഏറ്റവും തീവ്രമായ വേനല്‍ക്കാല ഘട്ടം ജൂലൈ പകുതിയോടെ ആരംഭിച്ച് ഓഗസ്റ്റ് അവസാനം വരെ തുടരുമെന്നാണ് കണക്കാക്കപ്പെടുന്നത്.