യാസ് ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ബംഗാളിലും ഒഡിഷയിലും സന്ദർശനം നടത്തും. യാസ് ചുഴലിക്കാറ്റിൽ ഒഡിഷയിലും പശ്ചിമബംഗാളിലും ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം. ദുരന്ത ബാധിത മേഖലകളിൽ പ്രധാനമന്ത്രി ആകാശനിരീക്ഷണം നടത്തും. അതിനു ശേഷമായിരിക്കും കേന്ദ്രസഹായം ഉൾപ്പെടെ പ്രഖ്യാപിക്കുക.
ന്യൂനമർദ്ദമായി മാറിയെങ്കിലും ജാർഖണ്ഡിൽ യാസ് കനത്ത നാശം വിതച്ചു. ഈസ്റ്റ് – വെസ്റ്റ് സിംഗ്ഭൂ, സിംദെഗ, സറായ് ഖേല – കർസവാൻ, റാഞ്ചി, മേഖലകളിലായി 8 ലക്ഷത്തോളം പേരെ തീവ്രമഴയും കാറ്റും ബാധിച്ചു. 12000 ഓളം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ബോക്കാറോയിൽ ഇടിമിന്നറ്റ് ഒരാൾ മരിച്ചു. സംസ്ഥാനത്തെ മുഴുവൻ നദികളും അപകടനിലക്ക് മുകളിലാണ്. ജാർഖണ്ഡ്, ഒഡിഷ, ബംഗാൾ, യുപി എന്നീ സംസ്ഥാനങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയും കാറ്റും തുടരുകയാണ്.
ബംഗാളിലും ഒഡിഷയിലും ആയി ഇരുപതിനായിരത്തോളം പേർ ഭവനരഹിതരായി. ഇരുസംസ്ഥാനങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം തുടരുന്നു. ഒഡിഷയിൽ ചുഴലിക്കാറ്റിനെ തുടർന്ന് മാറ്റി പർപ്പിച്ച ആറര ലക്ഷം പേരെയും കൊവിഡ് പരിശോധന നടത്താൻ നടപടികളാരംഭിച്ചു.
ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായികും ദുരന്തബാധിത മേഖലകളിൽ ആകാശ നിരീക്ഷണം നടത്തി. യാസ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് യുഎൻ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. കനത്ത കാറ്റിലും മഴയിലും ബംഗ്ലാദേശിൽ നാലു കുട്ടികളടക്കം അഞ്ച് പേർ മരിച്ചു. ചുഴലി കാറ്റിനെ തുടർന്ന് രണ്ട് രാജ്യങ്ങളിലുമായി 10 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യതത്.



