മ്യാൻമറിലെ റോഹിങ്ക്യൻ മുസ്ലിം ന്യൂനപക്ഷം വീണ്ടും ദുരന്തത്തിനിരയായി. ബംഗ്ലാദേശിലേക്ക് പലായനം ചെയ്യാൻ ശ്രമിച്ച 150-ലധികം റോഹിങ്ക്യൻ മുസ്ലിംകൾ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മ്യാൻമറിലെ പടിഞ്ഞാറൻ നഗരമായ റാഖൈനിലാണ് സംഭവം നടന്നത്. ബംഗ്ലാദേശിലെ നാഫ് നദി കടന്ന് മൗംഗ്ഡോ നഗരത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു ആക്രമണത്തിൽ കൊല്ലപ്പെട്ടവർ. കുട്ടികളടക്കം നിരവധി പേർ ഈ ആക്രമണത്തിൽ മരണത്തിന് കീഴടങ്ങിയതായി ദൃക്സാക്ഷികൾ പറയുന്നു. നദീതീരത്ത് ചിതറിക്കിടക്കുന്ന മൃതദേഹങ്ങൾ ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം സംസ്ഥാനത്തെ റാഖൈൻ വംശീയ വിഭാഗത്തിന്റെ സൈനിക വിഭാഗമായ അരാകൻ ആർമിക്കാണെന്ന ഇരയായവർ ആരോപിച്ചു. എന്നാൽ അരാകൻ ആർമി ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്. ഇത് സ്ഥിരീകരിച്ചാൽ, രാജ്യത്തെ ആഭ്യന്തരയുദ്ധത്തിൽ സാധാരണക്കാർ ഉൾപ്പെടുന്ന ഏറ്റവും മാരകമായ ആക്രമണമായിരിക്കും ഇത്.
2021 മുതൽ മ്യാൻമറിൽ ആഭ്യന്തരയുദ്ധം നടക്കുന്നുണ്ട്. അതിനാൽ യാത്രയ്ക്ക് കർശന നിയന്ത്രണങ്ങളും നിലനിൽക്കുകയാണ്. 2021 ൽ തിരഞ്ഞെടുക്കപ്പെട്ട ഓങ് സാൻ സൂകി സർക്കാരിൽ നിന്ന് രാജ്യത്തിൻ്റെ സൈന്യം അധികാരം പിടിച്ചെടുത്തിരുന്നു. റാഖൈനിലെ ഈ ആക്രമണം റോഹിങ്ക്യൻ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ വീണ്ടും അക്രമം ആരംഭിക്കുമോ എന്ന ഭയം ഉയർത്തിയിട്ടുണ്ട്. സംഭവത്തിന്റെ ദാരുണമായ നിരവധി വീഡിയോകൾ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.