ന്യൂഡല്‍ഹി: കൊറോണ വ്യാപനത്തെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവെച്ച എമിറേറ്റ്‌സ് മെയ് 21 മുതല്‍ സര്‍വീസ് പുന:രാരംഭിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 8 രാജ്യങ്ങളിലെ ഒമ്ബത് കേന്ദ്രങ്ങളിലേക്കാണ് സര്‍വീസ് നടത്തുകയെന്ന് എമിറേറ്റ് അറിയിച്ചു.
ലണ്ടന്‍, ഫ്രാങ്ക്ഫര്‍ട്ട്, മിലാന്‍,പാരീസ്,മാഡ്രിഡ്,ചിക്കാഗോ,സിഡ്‌നി,മെല്‍ബണ്‍,ടോറന്‌റാ എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക. യാത്രക്കാര്‍ക്ക് ആവശ്യമായ പരിശോധനകള്‍ നിര്‍വഹിക്കാനുള്ള തയ്യാറെടുപ്പുകള്‍ ഇതിനകം വിമാനത്താവളങ്ങളില്‍ നടത്തിയിട്ടുണ്ടെന്നാണ് വിവരം.
തെര്‍മല്‍ സ്‌കാനറുകള്‍ ഉപയോഗിച്ച് യാത്രക്കാരുടെയും ജീവനക്കാരുടെയും ശരീര താപ പരിശോധന നടത്തും. ചെക്ക് ഇന്‍ കൗണ്ടറുകളില്‍ സുരക്ഷാ വേലികള്‍ സ്ഥാപിക്കുകയും ആളുകള്‍ തമ്മില്‍ കൃത്യമായ സാമൂഹിക അകലം പാലിക്കാനാവശ്യമായ തയ്യാറെടുപ്പുകള്‍ ഉണ്ടാക്കുകയും ചെയ്യും.
വിമാനത്താവളത്തില്‍ എല്ലായാത്രക്കാര്‍ക്കും കയ്യുറകളും മാസ്‌ക്കുകളും നിര്‍ബന്ധമാണെന്നും എമിറേറ്റ് അധികൃതര്‍ അറിയിച്ചു. യാത്രക്കാരുമായി ഇടപഴകേണ്ടി വരുന്ന കാബിന്‍ ക്രൂ, ബോര്‍ഡിംഗ് ഏജന്റുമാര്‍, ഗ്രൗണ്ട് സ്റ്റാഫ് എന്നിവര്‍ക്ക് സുരക്ഷയുടെ ഭാഗമായി ഡിസ്‌പോസിബിള്‍ ഗൗണും നല്‍കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.