സാൻ അന്റോണിയോ ∙ സാൻ അന്റോണിയോ കോർണർ സ്റ്റോൺ ചർച്ച് സീനിയർ പാസ്റ്ററും ടെലി ഇവാഞ്ചലിസ്റ്റുമായ ജോൺ ഹേഗി (80)ക്ക് കോവിഡ് 19 ബാധിച്ചതായി ഒക്ടോബർ 4 ഞായറാഴ്ച ചർച്ചിൽ നടന്ന ആരാധനാമധ്യേ മകനും പാസ്റ്ററുമായ മാറ്റ ഹാഗി അറിയിച്ചു. കോർണർ സ്റ്റോൺ ചർച്ച് സ്ഥാപകനായ ജോൺ ഹേഗിക്കു രണ്ടു ദിവസം മുമ്പാണ് കൊറോണ വൈറസ് പോസിറ്റീവാണെന്ന് കണ്ടെത്തിയതെന്നും മകൻ അറിയിച്ചു. 22,000 അംഗങ്ങളുടെ ചർച്ചാണ് കോർണർ സ്റ്റോൺ.
മെഡിക്കൽ സംഘത്തിന്റെ പരിചരണത്തിൽ കഴിയുന്ന സീനിയർ പാസ്റ്ററുടെ ആരോഗ്യനില സാധാരണ നിലയിൽ ആണെന്നും എല്ലാവരുടേയും പ്രാർത്ഥന ആവശ്യമാണെന്നും മാറ്റ അറിയിച്ചു.ഞായറാഴ്ച മെഗാ ചർച്ചിൽ നടന്ന ആരാധനയിൽ മാസ്ക്ക് പോലും ധരിക്കാതെ കുട്ടികളും സ്ത്രീകളും മുതിർന്നവരും നൂറുകണക്കിനുപേരാണ് പങ്കെടുത്തത്.
നാം ദൈവത്തിനു വേണ്ടിയാണ് വേല ചെയ്യുന്നത്, അവർ രോഗസൗഖ്യ ദായകനാണ്, നമ്മുടെ ജീവിതത്തിൽ ദൈവം ഒരു യാഥാർത്ഥ്യമാണ്.– മാറ്റ് ഹാഗി കൂടി വന്ന വിശ്വാസ സമൂഹത്തോടായി പറഞ്ഞു. ജോൺ ഹേഗി കൊറോണ വൈറസിനെ തുടർന്ന് പ്രഖ്യാപിച്ച ഷട്ട് ഡൗണിനെ വിമർശിക്കുകയും സ്കൂളുകൾ അനിശ്ചിതമായി അടച്ചിടുന്നതിനെതിരെ കോടതിയിൽ പരാതി നൽകുകയും ചെയ്തിരുന്നു.