ഓക്ക്‌ലാൻഡ് (കാലിഫോർണിയ) ∙ മുൻ യുഎസ് സെനറ്റർ ബാർബറ ബോക്സർക്കു നേരെ ആക്രമണവും കവർച്ചയും.

തിങ്കളാഴ്ച ഉച്ചയോടെ നടക്കാനിറങ്ങിയ 80 വയസ്സുള്ള മുൻ കാലിഫോർണിയ സെനറ്റർ , ഓക്ക്‌ലാന്റ് ജാക്ക് ലണ്ടൻ സ്ക്വയറില്‍ വച്ചായിരുന്നു കവർച്ച ചെയ്യപ്പെട്ടത്.

ആയുധ ധാരിയായ കള്ളൻ ഇവരെ പുറകിൽ നിന്നും തള്ളിയതിനുശേഷം കയ്യിലുണ്ടായിരുന്ന സെൽഫോൺ‍ തട്ടിയെടുത്തു. തുടർന്ന് നിർത്തിയിട്ടിരുന്ന കാറിൽ കയറി ഇയാൾ രക്ഷപ്പെട്ടു. ട്വിറ്ററിലൂടെയാണു സെനറ്റർ തന്റെ നേർക്കുണ്ടായ കവർച്ചയെ കുറിച്ച് പരാമർശിച്ചത്. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും ബാർബറ പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ കുറിച്ചു വിവരം നൽകുന്നവർക്ക് 2000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

തിങ്കളാഴ്ച 1.15 ന് തേർഡ് സ്ട്രിറ്റിൽ സായുധ കവർച്ച നടന്നതായി ഓക്ക്‌ലാൻഡ് പൊലിസും സ്ഥിരീകരിച്ചു. എന്നാൽ കവർച്ചയ്ക്ക് വിധേയരായവരുടെ പേര് വിവരം പൊലീസ് പുറത്തു വിട്ടിട്ടില്ല.

പത്തു വർഷം ഡെമോക്രാറ്റിക് യുഎസ് ഹൗസ് പ്രതിനിധിയായും, 24 വർഷം കലിഫോർണിയായിൽ നിന്നുള്ള സെനറ്ററായും ബാർബറ പ്രവർത്തിച്ചിരുന്നു.

പി. ആര്‍. ചെറിയാന്‍