ഏഷ്യാഡ് സ്വര്‍ണ മെഡല്‍ ജേതാവും മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവുമായ ഫോര്‍ച്യുനാറ്റോ ഫ്രാങ്കോ (84) അന്തരിച്ചു. ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനാണ് അദ്ദേഹത്തിന്റെ മരണ വാര്‍ത്ത അറിയിച്ചത്. മരണ കാരണം പുറത്തുവിട്ടിട്ടില്ല. 1962 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിലെ അവിഭാജ്യ ഘടകമായിരുന്നു ഫ്രാങ്കോ.

1960 കളില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായിരുന്നു ഫ്രാങ്കോ. 196-ലെ റോം ഒളിമ്ബിക്സില്‍ പങ്കെടുത്ത ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു അദ്ദേഹം. ഇന്ത്യക്കായി 26 മത്സരങ്ങളില്‍ കളിച്ച ഫ്രാങ്കോ 1962ല്‍ ഏഷ്യന്‍ കപ്പില്‍ റണ്ണറപ്പായ ടീമിലും മെര്‍ദേക്ക കപ്പില്‍ 1964 ല്‍ വെള്ളിയും 1965ല്‍ വെങ്കലവും നേടിയ ടീമില്‍ അംഗമായിരുന്നു. 1959-നും 1966-നും ഇടയില്‍ സന്തോഷ് ട്രോഫിയില്‍ തുടര്‍ച്ചയായി എട്ടു വര്‍ഷം മഹാരാഷ്ട്രയെ നയിച്ചത് ഫ്രാങ്കോയായിരുന്നു. 1964ല്‍ സന്തോഷ് ട്രോഫിയില്‍ മുത്തമിടുകയും ചെയ്തു.