- ഡോ. ജോര്‍ജ് എം. കാക്കനാട്ട്
ഹ്യൂസ്റ്റണ്‍: കോവിഡ് മരണം 80,121-ലേക്കും പകര്‍ച്ചവ്യാധികള്‍ ബാധിച്ചവരുടെ സംഖ്യ 1,349,996 ലേക്കും പടര്‍ന്നതോടെ കൂടുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്ക് അമേരിക്ക കടക്കുന്നു. എന്നാല്‍, കോവിഡ് ടാസ്‌ക്ക് ഫോഴ്‌സിന്റെ രാജ്യത്തെ മുന്‍നിരപ്രവര്‍ത്തകരെല്ലാം ക്വാറന്റൈനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. വൈറ്റ്ഹൗസില്‍ പലര്‍ക്കും കോവിഡ് ലക്ഷണങ്ങള്‍ പോസിറ്റിവായതിന്റെ പശ്ചാത്തലത്തിലാണിത്. ഇതോടെ രാജ്യത്തെ ഉന്നത ആരോഗ്യ ഉേദ്യാഗസ്ഥരായ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് എപ്പിഡെമിക്ക് ഡിസീസ് ഡയറക്ടര്‍ ഡോ. ആന്റണി എസ്. ഫൗസി, സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ ഡോ. റോബര്‍ട്ട് റെഡ്ഫീല്‍ഡ്, ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷണര്‍ ഡോ. സ്റ്റീഫന്‍ ഹാന്‍ എന്നിവരാണ് മുന്‍കരുതലുകള്‍ എടുക്കുന്നുവെന്നു സ്ഥിരീകരിച്ചത്.
ഒരു വ്യക്തിക്ക് രോഗം ബാധിച്ചിട്ടുണ്ടോ എന്ന് വേഗത്തില്‍ കണ്ടെത്താന്‍ കഴിയുന്ന ആദ്യത്തെ ആന്റിജന്‍ പരിശോധനയ്ക്ക് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകാരം നല്‍കിയതിനു തൊട്ടു പിന്നാലെയാണ് ഇക്കാര്യം അറിയിച്ചത്.
ആന്റിജന്‍ പരിശോധനയ്ക്കു പച്ചക്കൊടി ലഭിച്ചതോടെ രാജ്യത്തെ വൈറസ് ഫലങ്ങള്‍ വേഗത്തില്‍ ലഭിക്കുമെന്നു വ്യക്തമായി. പോളിമറേസ് ചെയിന്‍ പ്രതികരണം അല്ലെങ്കില്‍ പി.സി.ആര്‍ ഉപയോഗിക്കുന്ന സാധാരണ വൈറസ് പരിശോധനകളില്‍ നിന്ന് വ്യത്യസ്തമായി, ഒരു സാമ്പിളിലെ വൈറസിന്റെ ശകലങ്ങള്‍ വേഗത്തില്‍ കണ്ടെത്താന്‍ ആന്റിജന്‍ ഡയഗ്‌നോസ്റ്റിക്‌സിനു കഴിയും. പരിശോധനകള്‍ക്ക് ‘മിനിറ്റുകള്‍ക്കുള്ളില്‍’ ഫലങ്ങള്‍ നല്‍കാന്‍ കഴിയും. ഇപ്പോള്‍ നാലും അഞ്ചും ദിവസമാണ് വേണ്ടി വരുന്നത്. ആശുപത്രികളില്‍ രോഗികളായെത്തുന്നവര്‍ക്ക് അന്നുതന്നെ ഫലം ലഭ്യമാക്കുന്നുണ്ട്. സമീപഭാവിയില്‍ കൂടുതല്‍ ആന്റിജന്‍ പരിശോധനകള്‍ക്ക് അടിയന്തര ഫെഡറല്‍ അനുമതി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍, ഇപ്പോഴും കൊറോണ വൈറസ് വാക്‌സിനുള്ള അന്വേഷണം രാജ്യത്തുടനീളം തുടരുകയാണ്.
ഈ അവസരത്തിലും, നവംബറില്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് ഏതു രീതിയിലായിരിക്കണമെന്നതു സംബന്ധിച്ച ചര്‍ച്ചയും തുറന്നിട്ടുണ്ട്. ‘ഓരോ അമേരിക്കക്കാരനും മെയില്‍ വഴി വോട്ടുചെയ്യാന്‍ കഴിയണം,’ ന്യൂയോര്‍ക്ക് ഡെമോക്രാറ്റ് സെനറ്റര്‍ കിര്‍സ്റ്റണ്‍ ഗില്ലിബ്രാന്‍ഡ് ശനിയാഴ്ച ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചതാണ് ചര്‍ച്ചയ്ക്ക് വഴിവച്ചത്. മെയില്‍ വോട്ടിംഗിന്റെ ചരിത്രമില്ലാത്ത രാജ്യത്ത് ഡെമോക്രാറ്റുകള്‍ എല്ലാ മെയിലുകളും നേടാനുള്ള ശ്രമത്തിലേക്ക് മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, മെയില്‍ വോട്ടിംഗിനെ ആവര്‍ത്തിച്ച് പ്രതിരോധിക്കുന്നുണ്ട്. മിഷിഗണ്‍, മിനസോട്ട, മറ്റ് പ്രധാന സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ഇതിന്റെ വ്യാപനം പരിമിതപ്പെടുത്താനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുമെന്ന് ട്രംപ് വ്യക്തമാക്കി.
എന്നാല്‍ പെന്‍സില്‍വാനിയ ഡെമോക്രാറ്റുകള്‍ മെയിലിലൂടെ ബാലറ്റുകള്‍ അയയ്ക്കുന്നത് സുരക്ഷിതമാണെന്ന് വോട്ടര്‍മാരെ ബോധ്യപ്പെടുത്താന്‍ പാടുപെടുകയാണ്. വിസ്‌കോണ്‍സിന്‍ ഡെമോക്രാറ്റുകളുടെ ഈ അഭിപ്രായത്തെക്കുറിച്ചുള്ള പരിശോധനയ്ക്ക് ഈയാഴ്ച ആദ്യം വേദിയാകും. പ്രാദേശികമായി ഇവിടെ നടക്കുന്നയൊരു തെരഞ്ഞെടുപ്പില്‍ എത്ര പേര്‍ വോട്ട്‌ചെയ്യുമെന്നതിനെ ആശ്രയിച്ചാവും രാജ്യത്തെ തെരഞ്ഞെടുപ്പു പ്രക്രിയയുടെ ഫലം നിശ്ചയിക്കുക എന്നു കരുതുന്നു. സാമ്പത്തിക ക്രമങ്ങള്‍ അട്ടിമറിച്ച കൊറോണ, ഇത്തവണ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിനെയും മാറ്റിമറിക്കുമോ അതോ ബദല്‍ സംവിധാനങ്ങള്‍ തേടുമോ എന്നതിനെക്കുറിച്ചാണ് രാജ്യത്തെ വോട്ടര്‍മാരുടെയും സംശയം.
അതേസമയം, സംസ്ഥാനങ്ങള്‍ വീണ്ടും തുറക്കുന്നതിനെക്കുറിച്ചുള്ള ആരോപണ പ്രത്യാരോപണങ്ങളാണ് എവിടെയും. തന്റെ സംസ്ഥാനം വീണ്ടും തുറക്കാനുള്ള അഞ്ച് ഘട്ട പദ്ധതി അടുത്തിടെ പ്രഖ്യാപിച്ച ഇല്ലിനോയി ഗവര്‍ണര്‍ ജെ.ബി.പ്രിറ്റ്‌സ്‌കര്‍, വൈറ്റ് ഹൗസ് സഹായമില്ലാതെ ‘ഒറ്റയ്ക്ക് പോകുന്നു’ എന്ന് പറഞ്ഞു. ടെക്‌സസില്‍ നടന്നതിനു സമാനമായ പ്രതിഷേധം ന്യൂജേഴ്‌സിയില്‍ നടക്കുന്നതാണ് ഗവര്‍ണര്‍ ഫില്‍ മര്‍ഫിയെ പ്രതിരോധത്തിലാക്കുന്നത്. സംസ്ഥാനം വീണ്ടും തുറക്കുന്നത് മന്ദഗതിയിലാണെന്നും ജാഗ്രത പുലര്‍ത്തുമെന്നും പ്രിറ്റ്‌സ്‌കര്‍ പറഞ്ഞു. പകര്‍ച്ചവ്യാധി വിദഗ്ദ്ധന്റെ സഹായത്തോടെ രോഗ നിയന്ത്രണത്തിനും പ്രതിരോധത്തിനുമായി മസാച്യുസെറ്റ്‌സിന്റെ മാതൃകയില്‍ സംസ്ഥാനവ്യാപകമായി ഒരു വലിയ കോണ്‍ടാക്റ്റ് ട്രെയ്‌സിംഗ് ശ്രമം ആരംഭിക്കാന്‍ ഇല്ലിനോയി തയ്യാറെടുക്കുകയാണ്. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇത് പ്രവര്‍ത്തിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. അറ്റ്‌ലാന്റ മേയര്‍ കെയ്ഷ ലാന്‍സ് ബോട്ടംസ്, വീണ്ടും തുറക്കാനുള്ള തന്റെ സംസ്ഥാനത്തിന്റെ പദ്ധതിയെ വിമര്‍ശിക്കുകയും നഗരവാസികളോട് വീട്ടില്‍ തുടരാന്‍ ആവശ്യപ്പെടുകയും ചെയ്തു.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനെക്കുറിച്ച് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായം പറയുന്നുണ്ട്. ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യുചിന്‍ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചു കൂടുതല്‍ കരുതല്‍ പ്രകടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങളില്‍ അയവു വരുത്തി തുറന്നിട്ടാല്‍ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി മാറില്ലെന്നും പകരം എല്ലാവരും രോഗമുക്തരാണെന്ന് തെളിയിക്കുകയും വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ജോണ്‍സ് ഹോപ്കിന്‍സ് ബ്ലൂംബെര്‍ഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന്റെ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സെക്യൂരിറ്റി ഡയറക്ടര്‍ ഡോ. ടോം ഇംഗ്ലിസ്ബിയും ഈ അഭിപ്രായക്കാരനാണ്.
മെയ് മാസത്തില്‍ ട്രംപ് ഭരണകൂടം മറ്റൊരു ഉത്തേജക ബില്‍ പരിഗണിക്കില്ലെന്ന് അടുത്തിടെ പറഞ്ഞ വൈറ്റ് ഹൗസിന്റെ സാമ്പത്തിക ഉപദേഷ്ടാവ് ലാറി കുഡ്‌ലോ ഫെഡറല്‍ റിസര്‍വ് ബാങ്ക് മിനിയാപൊളിസ് പ്രസിഡന്റ് നീല്‍ കഷ്‌കരിയോടൊപ്പം ഏറ്റവും ആവശ്യമുള്ളവര്‍ക്ക് സഹായം നേരിട്ട് നല്‍കണമെന്ന് അഭിപ്രായപ്പെടുന്നു. റെജെനെറോണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രസിഡന്റ് ഡോ. ജോര്‍ജ്ജ് യാങ്കോ പൗലോസ്, ഒരു വാക്‌സിന്‍ വികസിപ്പിക്കാനുള്ള ആഗോള മല്‍സരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജോണ്‍സണ്‍ ആന്റ് ജോണ്‍സണിലെ ചീഫ് സയന്റിഫിക് ഓഫീസര്‍ ഡോ. പോള്‍ സ്‌റ്റോഫെല്‍സ്, വൈറ്റ് ഹൗസിന്റെ സാമ്പത്തിക ഉപദേഷ്ടാവായ കെവിന്‍ ഹാസെറ്റ് എന്നിവര്‍ പുതിയ സാമ്പത്തികക്രമം രൂപപ്പെടുത്തുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്.
വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാലുവേഷന്റെ ഡോ. ക്രിസ്റ്റഫര്‍ മുറെ, മുന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷണറായ സ്‌കോട്ട് ഗോട്‌ലീബ് എന്നിവര്‍ പറയുന്നത്, സംസ്ഥാനങ്ങള്‍ സുരക്ഷിതമാണെന്ന് നഗരങ്ങളെയും സംസ്ഥാനങ്ങളെയും അറിയിക്കാന്‍ ലക്ഷ്യമിട്ട് ഒരു സമഗ്രറിപ്പോര്‍ട്ട് ഫെഡറല്‍ ഗവണ്‍മെന്റ് തയ്യാറാക്കണമെന്നാണ്.
ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, പെന്‍ഷന്‍ എന്നിവയ്ക്കുള്ള സെനറ്റ് കമ്മിറ്റി ചെയര്‍മാന്‍ സെനറ്റര്‍ ലാമര്‍ അലക്‌സാണ്ടറും ഇതു തന്നെ പറയുന്നു. സംസ്ഥാനങ്ങള്‍ സ്വയം തീരുമാനങ്ങള്‍ സ്വീകരിക്കുന്നത് ഈ സമയത്ത് രാജ്യത്തിനു ഗുണകരമാവില്ലെന്നാണ്. കൊറിയല്‍ ലൈഫ് സയന്‍സസിലെ ചീഫ് സയന്‍സ് ഓഫീസര്‍ ഡോ. ജെഫ്രി ഷാമന്റെ അഭിപ്രായം, രാജ്യമെമ്പാടുമുള്ള ലാബുകളില്‍ കൊറോണ വൈറസ് വിശകലനവും റിപ്പോര്‍ട്ടിംഗ് സേവനങ്ങളും ലഭ്യമാക്കണമെന്നാണ്. ഇതൊക്കെ സാധ്യമാകുമോയെന്നു കണ്ടറിയണം.