തിരുവനന്തപുരം മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 75 വയസ് തികഞ്ഞു. കോവിഡ് പ്രതിരോധത്തിന്റെ വിജയകരമായ കേരളമാതൃക ലോകമാകെ ചര്‍ച്ച ചെയ്യുമ്പോഴാണ് അതിന്റെ അമരക്കാരന്റെ എഴുപത്തിയഞ്ചാം പിറന്നാള്‍ എത്തുന്നത്. എന്നാല്‍ ആഘോഷങ്ങളൊന്നുമില്ലാതെ മാറി നില്‍ക്കുകയാണ് അദ്ദേഹം. നാടാകെ വിഷമസ്ഥിതി നേരിടുമ്പോള്‍ ഈ ദിവസവും തനിക്ക് സാധാരണദിവസമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനമേല്‍ക്കുന്നതിന്റെ തലേന്നാള്‍ കൃത്യമായി പറഞ്ഞാല്‍ നാല് വര്‍ഷം മുന്‍പ് എകെജി സെന്ററില്‍ മധുരം വിളമ്പി പിണറായി വിജയന്‍ തന്റെ പിറന്നാളിനെ കുറിച്ച് പറയുമ്പോള്‍ പലരും അല്‍ഭുതപ്പെട്ടു. 15 വര്‍ഷത്തിലേറെ സംസ്ഥാനസെക്രട്ടറി പദത്തിലിരുന്ന കര്‍ക്കശക്കാരനായ പിണറായി വിജയന്റെ പുതിയൊരു മുഖമാണ് അന്ന് കണ്ടത്.

മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നത് കൊണ്ട് പിന്നീടുള്ള ജന്മദിനങ്ങളൊക്കെ വാര്‍ത്തയായി. ലോക്സഭാ തെരഞ്ഞടുപ്പിലെ കനത്ത തോല്‍വിക്കിടെയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ജന്മദിനം. ലോകമാകെ മരണം പെയ്തിറങ്ങുന്ന കൊവിഡ് കാലത്ത് പിണറായി വിജയന്‍ ഇന്നൊരു ബ്രാന്റ് നെയിമാണ്. രാജ്യത്ത് മാത്രമല്ല രാജ്യത്തിന് പുറത്തും കേരളത്തിലെ കമ്മ്യൂണിസ്റ്റ് തുരുത്ത് ചര്‍ച്ചയാകുമ്പോഴാണ് പിണറായിയുടെ ജന്മദിനം.

തെല്ലുപോലും വിട്ടുവീഴചയില്ലാത്ത കമ്മ്യൂണിസ്റ്റില്‍ നിന്ന് അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായി മാറാന്‍ കഴിഞ്ഞതാണ് ഇക്കാലയളവില്‍ പിണറായി വിജയന്റെ ഏറ്റവും വലിയ വിജയം. ആര്‍ത്തലച്ച് വന്ന മഹാപ്രളയങ്ങള്‍ക്ക് മുന്നിലും, പടര്‍ന്ന് കയറാന്‍ വന്ന മരണവൈറസിന് മുന്നിലും പിണറായി അടിയുറച്ച് നിന്നു. ഈ ചെറുത്ത് നില്‍പിന് കിട്ടിയ വലിയ പിന്തുണക്ക് 75 ന്റെ അനുഭവക്കരുത്ത് കൂടിയാകുമ്പോള്‍ പിണറായി വിജയനെന്ന ക്യാപ്റ്റന് അചഞ്ചല പിന്തുണയുമായി കേരളം ഒന്നിച്ചണിനിരക്കുന്നതാണ് പിണറായിയ്ക്കുള്ള ഏറ്റവും വലിയ പിറന്നാള്‍ സമ്മാനം.

കണ്ണൂര്‍ പിണറായിയില്‍ തൊഴിലാളിയായ മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും ഇളയ മകനായി ഇടത്തരം കര്‍ഷക കുടുംബത്തില്‍ കെ. വിജയന്‍ എന്ന പിണറായി വിജയന്‍ 1944 മേയ് 24-ന് ജനിച്ചു. കുമാരനും നാണുവും ജ്യേഷ്ഠന്‍മാരാണ്. അമ്മയുടെ പതിനാലാമത്തെ കുട്ടിയായിരുന്നു.പതിനൊന്ന് പേര്‍ മരിച്ചു പോയത്രേ.തലശ്ശേരി സെന്റ് ജോസഫ്സ് സ്‌കൂള്‍ അദ്ധ്യാപിക ഒഞ്ചിയം കണ്ണൂക്കര സ്വദേശിനി ടി. കമലയാണ് ഭാര്യ. വിവേക് കിരണ്‍, വീണ എന്നിവര്‍ മക്കള്‍.

പിണറായി ശാരദാവിലാസം എല്‍പി സ്‌കൂളിലും, പെരളശ്ശേരി ഗവണ്‍മെന്റ് ഹൈസ്‌കൂളിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം. പിണറായിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ ബി.എ. സാമ്പത്തികശാസ്ത്ര വിദ്യാര്‍ത്ഥിയായി.ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനാ രംഗത്തുകൂടിയാണ് നേതൃത്വത്തിലേക്ക് കടന്നുവരുന്നത്. കോളേജ് വിദ്യാഭ്യാസ കാലത്തു എസ്.എഫ്.ഐയുടെ ആദ്യ രൂപമായ കേരളാ സ്റ്റുഡന്റ് ഫെഡറേഷന്റെ (കെ.എസ്.എഫ്) കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഡി.വൈ.എഫ്.ഐ-യുടെ ആദ്യ രൂപമായ കെ.എസ്.വൈ.എഫിന്റെയും സംസ്ഥാനതല നേതാവായിരുന്നു.

1967-ല്‍ സി.പി.ഐ.(എം) തലശ്ശേരി മണ്ഡലം കമ്മിറ്റി സെക്രട്ടറിയായി. 1972-ല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗമായി. 1986-ല്‍ ചടയന്‍ ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായതിനെ തുടര്‍ന്ന് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. സംസ്ഥാന വൈദ്യുതി മന്ത്രിയായിരിക്കെ 1998 സപ്തംബറില്‍ ചടയന്‍ ഗോവിന്ദന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി ആദ്യം തെരഞ്ഞെടുക്കപ്പെട്ടത്. പത്തു വര്‍ഷത്തോളമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിച്ചു വരുന്നു. 2002-ല്‍ പോളിറ്റ് ബ്യൂറോയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനുമായുള്ള അഭിപ്രായഭിന്നത പരസ്യമായി പ്രകടിപ്പിച്ചതിന് 2007 മെയ് 26-ന് പോളിറ്റ് ബ്യൂറോയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു.പിന്നീട് 2007 ഒക്ടോബര്‍ 1-ന് പിണറായി വിജയനേ പോളിറ്റ് ബ്യൂറോയില്‍ തിരിച്ചെടുത്തു. 2012 ഫെബ്രുവരി 10-ന് ഇദ്ദേഹം വീണ്ടും സി.പി.എം. സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.