തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഞായറാഴ്ച 75ാം പിറന്നാള്‍. കേരളത്തിെന്റ കോവിഡ് പ്രതിരോധ പോരാട്ടത്തെ മുന്നില്‍നിന്ന് നയിക്കുന്നതിനിടെയാണ് പിറന്നാള്‍ കടന്നുവരുന്നത്. പൊതുവേ വ്യക്തിപരമായ ആഘോഷങ്ങളോട് മുഖംതിരിഞ്ഞ് നില്ക്കുന്ന പിണറായി ഇത്തവണയും പിറന്നാള്‍ ആഘോഷിക്കുന്നുണ്ടാവില്ല.
2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച് തെന്റ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റടുക്കുന്ന മേയ് 25 െന്റ തലേദിവസമാണ് യഥാര്‍ഥ പിറന്നാള്‍ തീയതി 24 ആണെന്ന് പിണറായി വെളിപ്പെടുത്തിയത്.മുഖ്യമന്ത്രിയായി ഇൗ മൂന്ന് വര്‍ഷവും പിറന്നാള്‍ദിനം മറ്റേതൊരു ദിവസവും പോലെയാണ് കടന്നുപോയത്.
അവധി ദിനങ്ങളിലും മറ്റ് ചില പ്രത്യേക അവസരങ്ങളിലും ഒഴികെ ദിവസവും വൈകീട്ട് അഞ്ചിന് കോവിഡ് സ്ഥിതിവിവര കണക്കുകളും സംസ്ഥാനം സ്വീകരിക്കുന്ന നടപടികളും വിശദീകരിച്ചും പ്രതിരോധ നടപടികള്‍ക്ക് ജനങ്ങളെ ഒാര്മിപ്പിച്ചും മുഖ്യമന്ത്രി ജനങ്ങളുടെ മുന്നില്‍ എത്തുകയാണ്. കഴിഞ്ഞ രണ്ട് മാസമായി ഇത് തുടരുകയാണ്.