കൊച്ചി : മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദ്ദമുണ്ടെന്ന തരത്തിലുള്ള ശബ്ദരേഖ തന്റേതു തന്നെയെന്ന് സ്ഥിരീകരിച്ച്‌ സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷ്. ഇതിനു പിന്നില്‍ പൊലീസിലെ ചിലരായിരുന്നുവെന്നും കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ സ്വപ്ന പറഞ്ഞു .

ഉന്നത നിര്‍ദേശപ്രകാരം സ്പെഷല്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനാണ് ഓപ്പറേഷനു നേതൃത്വം നല്‍കിയതെന്നും ഓഗസ്റ്റ് ആറിനു നടന്ന ഫോണ്‍ സംഭാഷണമാണു പുറത്തുവന്നതെന്നും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കു വിവരം ലഭിച്ചിട്ടുണ്ട് . ഇഡി കസ്റ്റഡിയിലായിരിക്കെ, 5 വനിതാ പൊലീസുകാരെ സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. ഇവരിലൊരാള്‍ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെ ഫോണില്‍ വിളിക്കുകയും തുടര്‍ന്നു ഫോണ്‍ സ്വപ്നയ്ക്കു കൈമാറുകയും ചെയ്തെന്നാണു വിവരം . അതേസമയം തന്നോട് സംസാരിച്ചത് ആരാണെന്നു പറഞ്ഞില്ലെന്നും സ്വപ്ന പറഞ്ഞു .

പറയേണ്ട കാര്യങ്ങള്‍ മുന്‍കൂട്ടി അറിയിച്ച ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥ ഫോണ്‍ കൈമാറിയത് . തുടര്‍ന്ന് സ്വപ്നയുടെ സംഭാഷണം സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍റെക്കോര്‍ഡ് ചെയ്തെന്നും സ്വപ്നയുടെ മൊഴിയില്‍ പറയുന്നു .

മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് ഇഡി വാഗ്ദാനം നല്‍കിയതായും കൃത്യമായി വായിച്ചുനോക്കാന്‍ സാവകാശം നല്‍കാതെ മൊഴിപ്രസ്താവനയില്‍ ഒപ്പിട്ടുവാങ്ങിയതായും സ്വപ്ന ശബ്ദരേഖയില്‍ പറഞ്ഞിരുന്നു