മുംബൈ: കോവിഡ് വൈറസ് സമൂഹവ്യാപനം തുടങ്ങിയതായി ബൃഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ സ്ഥിരീകരിച്ചു. നിലവിൽ 1,018 കോവിഡ് കേസുകൾ സ്ഥിരീകരിച്ച മഹാരാഷ്ട്രയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ള സംസ്ഥാനം. ഇതിൽ 642 പേരും മുംബൈയിൽ നിന്നുള്ളവരാണ്.
കോവിഡ് രോഗികളുടെ എണ്ണം 1,000 കടന്നതോടെ ആരോഗ്യ വകുപ്പ് കടുത്ത ആശങ്കയിലാണ്. പലർക്കും രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തതയില്ല. പൂനയിൽ 159 കേസുകളും, താനെയിൽ 87 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മാത്രമല്ല ധാരാവിയിലെ ചേരിയിലും കേസുകൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നതോടെ ആരോഗ്യവകുപ്പ് കടുത്ത സമ്മർദത്തിലാണ്. ആരോഗ്യപ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലും രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്.
അതേസമയം രാജ്യത്ത് കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 35 പേര് മരിക്കുകയും 773 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 149 ആയി. രാജ്യത്ത് മൊത്തം കോവിഡ് ബാധിച്ചവരുടെ എണ്ണം 5,194 ആയി ഉയര്‍ന്നു.