കൊല്‍ക്കത്ത: ബി ജെ പി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയുടെ വാഹന വ്യൂഹത്തിനു നേരെ കല്ലേറുണ്ടായ സംഭവത്തില്‍ പശ്ചിമ ബംഗാളിലെ മൂന്ന് ഐ പി എസ് ഉദ്യോഗസ്ഥരെ കേന്ദ്രം തിരിച്ചുവിളിച്ച നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്ര. പൊലീസ് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി ബി ജെ പിയുടെ ശിങ്കിടികളാക്കി മാറ്റാനുള്ള ശ്രമമാണിതെന്ന് മഹുവ ആരോപിച്ചു.

അമിത് ഷാ ബംഗാളിലേക്ക് വന്നാലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് അവര്‍ പറഞ്ഞു. ‘നിങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന ആരെ വേണമെങ്കിലും മിസ്റ്റര്‍ ഷായ്ക്ക് കൊണ്ടുവരാം. ഞങ്ങള്‍ക്കതൊരു വിഷയമേയല്ല.’ മഹുവ പറഞ്ഞു.

പശ്ചിമ ബംഗാളിലെ ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി അട്ടിമറി നടത്താനാണ് ബി ജെ പി ശ്രമിക്കുന്നത്. സംസ്ഥാനത്തെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി സര്‍ക്കാരിനെതിരെ തിരിയാന്‍ ബി ജെ പി നിര്‍ബന്ധിക്കുകയാണ്.

ഇത്തരം നടപടികളിലൂടെ ഇന്ത്യന്‍ ഭരണഘടനയുടെ ഫെഡറല്‍ ഘടനയില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തുകയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ബംഗാള്‍ സന്ദര്‍ശനത്തിനെത്തിയ ബി ജെ പി അധ്യക്ഷനെതിരെ കരിങ്കൊടി പ്രയോഗവും കല്ലേറുമാണ് ഉണ്ടായത്. സംഭവത്തില്‍ ബി ജെ പി നേതൃത്വം അമിത് ഷായ്ക്ക് പരാതി നല്‍കിയിരുന്നു. ഇഷ്ടിക കാറിനു നേരെ എറിഞ്ഞെന്നും കാറിന്റെ ചില്ല് ചിലര്‍ തകര്‍ത്തെന്നുമായിരുന്നു ബി ജെ പിയുടെ ആരോപണം